കാൺപൂർ: ഹെയർ ട്രാൻസ്പ്ലാന്റേഷന് പിന്നാലെ 2 എൻജിനീയർമാർ മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ ദന്ത ഡോക്ടർ കീഴടങ്ങി. ഒളിവിലായിരുന്ന അനുഷ്ക തിവാരിയാണ് പ്രാദേശിക കോടതിയിൽ ഹാജരായത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ഉത്തർപ്രദേശിലെ കാൻപൂരിൽ അനുഷ്കയും ഭർത്താവ് ഡോ. സൗരവ് ത്രിപാഠിയും ചേർന്ന് നടത്തിയിരുന്ന എംപയർ എന്ന ക്ലിനിക്കിലാണ് സംഭവം. മുടിമാറ്റിവയ്ക്കൽ ചികിത്സ നടത്തിയ 2 എൻജിനീയർമാരുടെ മരണത്തെക്കുറിച്ചാണ് പരാതി ഉയർന്നത്. വിനോദ് ദുബെ(40), മായങ്ക് കത്യാർ(30) എന്നിവരാണ് മരിച്ചത്. പിന്നാലെ കൃത്യമായ വൈദഗ്ധ്യമില്ലാതെ അനുഷ്ക ശസ്ത്രക്രിയ നടത്തിയതാണു മരണത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടി വിനയ്കുമാർ ദുബേയുടെ ഭാര്യ ജയദേവ ത്രിപാഠി പൊലീസിൽ പരാതി നൽകിയിരുന്നു. മാർച്ച് 14ന് അനുഷ്കയുടെ ക്ലിനിക്കൽ മുടിമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിനയ് വിധേയനായിരുന്നു. പിന്നാലെ മുഖം വീർത്ത് വേദന അനുഭവപ്പെടുകയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായെന്നും ഇതിനു മതിയായ ചികിത്സ നൽകാതിരുന്നതാണ് മരണകാരണമെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ മരിച്ച മായങ്ക് കത്യാറുടെ സഹോദരൻ കുശാഗ്ര കതാറും ക്ലിനിക്കിനെതിരെ പൊലീസിനെ സമീപിച്ചു. നവംബർ 18ന് എംപയർ ക്ലിനിക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ സഹോദരനു മണിക്കൂറുകൾക്കു ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടെന്നും അടുത്ത ദിവസം മരിച്ചതായും പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് അനുഷ്കയും ഭർത്താവും ഒളിവിൽ പോയത്. ഇയാൾ ഇപ്പോളും ഒളിവിൽ തുടരുകയാണ്. ദന്തഡോക്ടർമാരായ ഇവർക്കോ ക്ലിനിക്കിലെ മറ്റു ജീവനക്കാർക്കോ ഹെയർ ട്രാൻസ്പ്ലാൻ്റേഷൻ ചെയ്യാൻ പരിശീലനം ലഭിച്ചിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
