25000 രൂപ കടം ചോദിച്ചു; ജാമ്യമായി മകനെ തരണമെന്ന് തൊഴിലുടമ, മാതാവ് തിരിച്ചു വന്നപ്പോൾ കണ്ടത് മകന്റെ ചേതനയറ്റ ശരീരം

തിരുപ്പതി: 25000 രൂപ കടം വാങ്ങിയതിന്റെ പേരിൽ ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ഒരു ആദിവാസി കുടുംബം അനുഭവിക്കേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത. കടം നൽകിയ ആൾ വാങ്ങിയയാളുടെ മക്കളെ ഈടായി പിടിച്ചുവയ്ക്കുകയും അതിൽ ഒരുകുട്ടി മരണപ്പെടുകയും ചെയ്ത സംഭവം സംസ്ഥാനത്തെ ഞെട്ടിച്ചു. കേസും പരാതിയും വന്നതോടെ പൊലീസ് അന്വേഷിച്ച് കുട്ടിയുടെ മൃതദേഹം സംസ്കരിച്ച സ്ഥലം കണ്ടെത്തി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണിപ്പോൾ. തിരുപ്പതിയിലാണ് അതിദാരുണമായ സംഭവം നടന്നത്. ആദിവാസി സമുദായത്തിൽപ്പെട്ട അനകമ്മയും ഭർത്താവ് ചെഞ്ചയയ്യും അവരുടെ മൂന്ന് മക്കളും ഒരു താറാവ് ഫാം ഉടമക്ക് വേണ്ടി ഒരു വർഷം ജോലി ചെയ്തിരുന്നു. ഭർത്താവ് മരണപ്പെട്ടതോടെ അനകമ്മയും മക്കളും ജോലി സ്ഥലത്തു നിന്ന് പോകാനൊരുങ്ങി. ഇതു കണ്ട തൊഴിലുടമ അവരെ തടഞ്ഞു. മരിച്ചുപോയ ഭർത്താവ് 25,000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും അത് തരാതെ പോകാനാകില്ലെന്നും പറഞ്ഞു. ഇക്കാരണത്താൽ സ്ത്രീയെയും മൂന്ന് മക്കളെയും ദീർഘസമയം കുറഞ്ഞ വേതനത്തിന് ജോലി ചെയ്യിച്ചു. കൂലി കൂട്ടി ചോദിച്ചെങ്കിലും അംഗീകരിച്ചില്ല. ഇതിനൊടുവിലാണ് തനിക്ക് എങ്ങനെയെങ്കിലും പോയേ തീരൂ എന്ന് ഇവർ തൊഴിലുടമയെ അറിയിച്ചത്. അപ്പോഴാണ് വിചിത്രമായ ആവശ്യം തൊഴിലുടമ മുന്നോട്ടുവെച്ചത്. കടം വാങ്ങിയ 25,000 രൂപയ്ക്ക് പുറമെ പലിശയായി 20,000 രൂപ കൂടി കൂട്ടിച്ചേർത്ത് 45,000 രൂപ നൽകാതെ പോകാൻ അനുവദിക്കില്ലെന്ന് ഇയാൾ പറഞ്ഞു. ഇതിന് പത്ത് ദിവസത്തെ സമയം ചോദിച്ചപ്പോൾ ഉറപ്പിനായി ഒരു മകനെ ജോലി ചെയ്യാൻ അവിടെ നിർത്തണമെന്നായി ആവശ്യം. പണം നൽകിയാൽ മകനെ കൂട്ടിക്കൊണ്ട് പോകാമെന്നും അറിയിച്ചു. മറ്റ് വഴിയില്ലാതെ അത് അംഗീകരിക്കുകയായിരുന്നു. അനകമ്മ ഇടയ്ക്ക് മകനുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. വന്ന് തന്നെ കൂട്ടിക്കൊണ്ട് പോകണമെന്നും അമിതമായി പണിയെടുപ്പിച്ച് കഷ്ടപ്പെടുത്തുകയാണെന്നും മകൻ പറഞ്ഞിരുന്നു. ഏപ്രിൽ 12 നാണ് അവസാനമായി കുട്ടിയോട് സംസാരിച്ചത്. കഴിഞ്ഞയാഴ്ച പണം സംഘടിപ്പിച്ച് തൊഴിലുടമയെ ഫോണിൽ വിളിച്ച് മകനെ കൊണ്ടുപോകാൻ വരികയാണെന്ന് പറഞ്ഞു. എന്നാൽ മകൻ സ്ഥലത്തില്ലെന്നും മറ്റൊരു സ്ഥലത്തേക്ക് പോയെന്നുമൊക്കെയാണ് ആദ്യം പറഞ്ഞത്. പിന്നീട് മകനെ ആശുപത്രിയിലാക്കിയെന്നും അത് കഴിഞ്ഞ് ഓടിപ്പോയെന്നുമൊക്കെ പറഞ്ഞൊഴിഞ്ഞു. മകന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഭയന്ന അനകമ്മ ചില ആദിവാസി നേതാക്കളുടെ സഹായത്തോടെ ലോക്കൽ പൊലീസിനെ സമീപിച്ച് പരാതി നൽകി. തൊഴിലുടമയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി മരിച്ചെന്നും മൃതദേഹം തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് തങ്ങളുടെ ബന്ധുവീടുകൾക്കടുത്ത് കൊണ്ടുപോയി സംസ്കരിച്ചെന്നും പറഞ്ഞത്. ഇതോടെ തൊഴിലുടമയും ഭാര്യയും മകനും അറസ്റ്റിലായി. കുട്ടി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചെന്നാണ് ഇവർ പറയുന്നത്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത് സിസിടിവികളിൽ നിന്ന് കണ്ടെത്താൻ സാധിച്ചു. തിരുപ്പതിയിൽ നിന്ന് പൊലീസ് കാഞ്ചീപുരത്തെത്തി മൃതദേഹം പുറത്തെടുത്തു. കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുമ്പോൾ അനകമ്മയും മക്കളും വാവിട്ട് കരയുകയായിരുന്നു. ചേതനയറ്റ മകനെ കണ്ട അവർ തളർന്നു വീണു. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതർ പറഞ്ഞു. ബാലവേല തടയൽ, ബാലനീതി ഉറപ്പാക്കൽ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവർക്കെതിരേയുള്ള അക്രമവും ചൂഷണവും തടയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ നിലവിൽ കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page