ഹൈദരാബാദ്: മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ കടപ്പയിലാണ് സംഭവം. സംഭവത്തിൽ കടപ്പ സ്വദേശിയായ റഹ്മത്തുള്ള എന്നയാൾ പൊലീസ് കസ്റ്റഡിയിലാണ്. മാതാപിതാക്കൾക്കൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ വന്ന പെൺകുട്ടിയാണ് 26 കാരൻ ക്രൂരതയ്ക്ക് ഇരയായത്.കഴിഞ്ഞ ദിവസം മാതാപിതാക്കളുമായി ഒരു കല്യാണത്തിനെത്തിയതായിരുന്നു മൂന്ന് വയസ്സുകാരി. കല്യാണ വീടിന് മുന്നിൽ സുഹൃത്തുക്കളുമായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതി റഹ്മത്തുള്ള അടുത്തേക്ക് വന്നത്. കയ്യിലൊരു പഴം കരുതിയിരുന്നു. കുട്ടിക്ക് ഇത് നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. ശേഷം തൊട്ടടുത്തുള്ള വിജനമായ സ്ഥലത്ത് വച്ച് പീഡിപ്പിച്ചു. പീഡനത്തിനിടെ കുട്ടി മരിച്ചു. മരിച്ചെന്നു ഉറപ്പായതോടെ ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും തിരിക്കിയിറങ്ങി. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയത് പ്രതി റഹ്മത്തുളളയാണെന്ന് വ്യക്തമായി. നാട്ടുകാർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇതിനിടെ മർദനശ്രമവുമുണ്ടായി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.
