കാസര്‍കോട്: വടക്കന്‍ മലബാറിലെ തൊയ്യക്കാലത്തിന് സമാപനമാകുന്നു. നീലേശ്വരം മന്നംപുറത്ത് കാവിലെ കലശത്തോടെ വടക്കന്‍ മലബാറിലെ കാവുകളിലെയും കഴകങ്ങളിലെയും ക്ഷേത്രങ്ങളിലെയും തെയ്യ കളിയാട്ടത്തിന് സമാപനമാവും. തുലാപ്പത്തിന് ശേഷമാണ് പിന്നീട് കളിയാട്ടക്കാവുകള്‍ ഉണരുക. ഇക്കുറിയുള്ള മന്നംപുറത്ത് കാവ് കലശം ജൂണ്‍ 2, 3, 4 തീയതികളിലായി നടക്കും. കലശത്തിന് മുന്നോടിയായുള്ള ഓലകൊത്തല്‍ ചടങ്ങ് മെയ് 30 ന് രാവിലെ 8.35 നും 9.20 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. ഞായറാഴ്ച രാവിലെയാണ് ആചാരപരമായ ചടങ്ങുകളോടെ കലശം കുറിച്ചത്. മോഹനന്‍ ജോത്സ്യര്‍ കലശത്തിനുള്ള തീയതി കുറിച്ച് നല്‍കി. കരിന്തളം മോഹനന്‍ ജോത്സ്യര്‍ ചടങ്ങുകളുടെ ദിവസം കുറിച്ച് മുഹൂര്‍ത്തം കണക്കാക്കി കുറിപ്പ് നീലേശ്വരം രാജവംശ പ്രതിനിധി കെ സി മാനവര്‍മ രാജയ്ക്ക് കൈമാറി. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ രത്‌നാകരന്‍ നായര്‍, തറവാട് പ്രതിനിധികളായ വിനോദ് കുമാര്‍ അരമന, ചന്ദ്രന്‍ നവോദയ തുടങ്ങിയവര്‍ സംബന്ധിച്ചു. ജൂണ്‍ രണ്ട് തിങ്കളാഴ്ച ഇരട്ടി നിവേദ്യത്തോടെ അകത്തേ കലശവും രണ്ടിന് ചൊവ്വാഴ്ച പുറത്തേ കലശവും നടക്കും. അന്ന് വൈകിട്ട് പ്രസന്നപൂജ നടതുറന്നാല്‍ തെയ്യക്കോലങ്ങളും തെക്ക് വടക്ക് കളരികളില്‍ നിന്നുള്ള കലശകുംഭങ്ങളും ക്ഷേത്ര പ്രദക്ഷിണം ചെയ്യും. കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്ന് മീന്‍കോവയും സമര്‍പ്പിക്കും. കലശ മഹോത്സവത്തിന് മുന്നോടിയായുളള ഓലകൊത്തല്‍ മെയ് 30 വെള്ളിയാഴ്ച രാവിലെ 8.25 നും 9.20 നും മധ്യേ നടക്കും. കലശത്തട്ടുകള്‍ അലങ്കരിക്കുന്നതിന് പൂക്കള്‍ ശേഖരിക്കുന്ന പൂത്താക്കല്‍ ചടങ്ങും തുടര്‍ന്നുണ്ടാകും. കലശ മഹോത്സവം തിരുമുടി താഴ്ത്തുന്നതോടെ മറ്റൊരു കളിയാട്ടക്കാലവും സമാപിക്കും.
