ബംഗ്‌ളൂരു: മെട്രോ യാത്രക്കാരികളുടെ വീഡിയോ പകര്‍ത്തി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഹാസന്‍ ജില്ലയിലെ ഹോളേ, നരസിപ്പൂര്‍ സ്വദേശിയായ ദിഗന്ത് (28) ആണ് അറസ്റ്റിലായത്. ബംഗ്‌ളൂരു ഇന്ദിരാനഗറിലെ ഒരു സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് ഇയാള്‍. സ്ഥിരമായി മെട്രോയില്‍ യാത്ര ചെയ്യുന്ന ആളാണ് ദിഗന്ത്. യാത്രയ്ക്കിടയില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വീഡിയോകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ‘മെട്രോ ചീറ്റ്‌സ്’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് അപ്ലോഡ് ചെയ്യുകയായിരുന്നു ഇയാളുടെ പതിവ് രീതിയെന്നു അധികൃതര്‍ പറഞ്ഞു. ഈ അക്കൗണ്ടില്‍ നിന്നു 13ല്‍ അധികം വീഡിയോകളാണ് അപ്ലോഡ് ചെയ്തിട്ടുള്ളത്. ഇവ വൈറലാവുകയും ചെയ്തിരുന്നു. വീഡിയോകള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ബനശങ്കരി പൊലീസ് സ്വമേധയാ കേസെടുത്താണ് പ്രതിയെ അറസ്റ്റു ചെയ്തത്.
