ന്യൂഡൽഹി: ആകാശച്ചുഴിയിൽ പെട്ട ഇൻഡിഗോ വിമാനത്തിന് വ്യോമിതിർത്തിയിൽ പ്രവേശിക്കാനുള്ള അനുമതി പാക്കിസ്താൻ നിരസിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പോയ ഇൻഡിഗോയുടെ 6ഇ2142 വിമാനമാണ് പെട്ടെന്നുണ്ടായ ആലിപ്പഴ വർഷത്തിന് പിന്നാലെ ആകാശച്ചുഴിയിൽ പെട്ട് ആടിയുലഞ്ഞത്. 227 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ഇതിൽ തൃണമൂൽ കോൺഗ്രസിന്റെ 5 എംപിമാരും ഉൾപ്പടുന്നു. അമൃത്സറിനു മുകളിലൂടെ പറക്കുമ്പോഴാണ് മോശം കാലാവസ്ഥ വിമാനത്തിന്റെ യാത്രയെ ബാധിച്ചത്. വിമാനം ശക്തമായി കുലുങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഇതോടെ ആകാശചുഴിയിൽ നിന്നു രക്ഷനേടാൻ പാക്കിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ പൈലറ്റ്, ലഹോർ എടിസിയുമായി ബന്ധപ്പെട്ടു. എന്നാൽ അനുമതി ലഭിച്ചില്ല. ഇതോടെ വിമാനത്തിന് ഇതേ റൂട്ടിൽ തുടരേണ്ടി വന്നു. പിന്നാലെ ശ്രീനഗറിൽ അടിയന്തര ലാൻഡിങ് നടത്തി. മുഴുവൻ യാത്രക്കാരും സുരക്ഷിതരാണ്. എന്നാൽ വിമാനത്തിന്റെ മുൻഭാഗത്തിനു കേടുപാടുകൾ സംഭവിച്ചു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് നയതന്ത്രബന്ധം വഷളായതോടെയാണ് ഇരുരാജ്യങ്ങളും വ്യോമാതിർത്തി അടച്ചത്.
