ഇടുക്കി: ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ ചേർന്നു. വികസിത കേരളം കൺവൻഷന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പരിപാടിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് മറിയക്കുട്ടിയെ ഷാൾ അണിയിച്ച് സ്വീകരിച്ചത്. നേരത്തേ കെപിസിസി മറിയക്കുട്ടി വീടു വച്ചു നൽകിയിരുന്നു.
കോൺഗ്രസ് പ്രവർത്തകർ ആപത് ഘട്ടത്തിൽ തിരിഞ്ഞു നോക്കാത്തതു കൊണ്ടാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന് മറിയക്കുട്ടി പ്രതികരിച്ചു. കെപിസിസി വീടു വച്ചു നൽകിയത് വെറുതെയല്ല. താൻ അധ്വാനിച്ചിട്ടാണ്. തന്നെ ആളാക്കിയത് കോൺഗ്രസുകാരല്ലെന്നും ബിജെപിയും സുരേഷ് ഗോപിയുമാണെന്നും അവർ പറഞ്ഞു. പെൻഷൻ മുടങ്ങിയതിനെതിരെ മൺചട്ടിയും പ്ലക്കാർഡുമായി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം ശ്രദ്ധനേടിയിരുന്നു. ക്ഷേമപെൻഷൻ മുടങ്ങിയതിനു സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച മറിയക്കുട്ടി ഹൈക്കോടതിയെയും സമീപിച്ചു.
