തിരുവനന്തപുരം: അന്തർസംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോട്ടപ്പള്ളി സ്വദേശി മുഹമ്മദ് നിഹാൽ(25) ആണ് പിടിയിലായത്. സംസ്ഥാനത്തിനകത്തും പുറത്തും എംഡിഎംഎ ഉൾപ്പെടെ രാസലഹരികൾ വിൽപന നടത്തുന്ന റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇയാൾ. കഴിഞ്ഞ വർഷം ഓഗസ്റ്റ് 9ന് ബെംഗളൂരുവിൽ നിന്ന് 47 ഗ്രാം എംഡിഎംഎയുമായി എത്തിയ 2 യുവാക്കളെ പാറശാല പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് മുഹമ്മദ് നിഹാലിനെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചത്. ഇതോടെ വിദേശത്തേക്കു കടന്ന ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ചെന്നൈ വിമാനത്താവളം വഴി രാജ്യത്തു തിരിച്ചെത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ബെംഗളൂരുവിലെ മലയാളി വിദ്യാർഥികളെ ഉപയോഗിച്ച് കേരളത്തിലേക്ക് ലഹരി കടത്തു നടത്തുകയായിരുന്നു ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ ബെംഗളൂരുവിലെ കൂട്ടാളികളായ മലയാളികളെക്കുറിച്ച് പൊലീസിനു നിർണായക വിവരം ലഭിച്ചിട്ടുണ്ട്. ഒപ്പം വിദേശത്തു നിന്ന് ലഹരി എത്തിച്ചു നൽകിയവരെയും തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
