കൊച്ചി: മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തിൽ കുട്ടികളെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്ന ഉത്തരവുകൾ കുടുംബ കോടതികളിൽ നിന്നുണ്ടാകരുതെന്ന് ഹൈക്കോടതി. കൈവശ കാലാവധി കഴിയുമ്പോൾ കുട്ടികളെ പൊലീസ് സ്റ്റേഷനിൽ വച്ച് കൈമാറണമെന്ന തൃശൂർ കുടുംബ കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണം. തർക്കങ്ങളിൽ കോടതിയിലേക്കോ പൊലീസ് സ്റ്റേഷനുകളിലേക്കോ വലിച്ചിഴയ്ക്കുന്നത് കുട്ടികളിൽ കടുത്ത മാനസികാഘാതത്തിനു കാരണമാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എൻ.ബി. സ്നേഹലത എന്നിവർ നിരീക്ഷിച്ചു.
സംരക്ഷണം സംബന്ധിച്ച കേസുകളിൽ ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രമേ കുട്ടികളെ കോടതിയിൽ വിളിച്ചു വരുത്താവൂവെന്ന് കോടതി നേരത്തേ നിർദേശം നൽകിയിരുന്നു. ഇതിനേക്കാൾ വലിയ മാനസികാഘാതമാകും പൊലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോൾ കുട്ടികൾക്കു ഉണ്ടാകുകയെന്നും കോടതി ചൂണ്ടിക്കാട്ടി.
