ഭോപാൽ: മധ്യപ്രദേശിലെ സിയോനി ജില്ലയിൽ ഔദ്യോഗിക രേഖകളനുസരിച്ചു പാമ്പുകടിയേറ്റ് ഒരാൾ 30 തവണ മരിച്ചു. ഒരു സ്ത്രീ 29 തവണയും. പാമ്പുകടിയേറ്റ് മരിക്കുന്നവർക്കു സർക്കാർ നൽകുന്ന നഷ്ടപരിഹാരം വ്യാജ ഇടപെടലുകളിലൂടെ തട്ടിയെടുത്തതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. സംസ്ഥാന ധന വകുപ്പ് ജില്ലയിലെ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കു നഷ്ടപരിഹാരം നൽകിയതിന്റെ കണക്കുകൾ പരിശോധിച്ചതോടെയാണ് ക്രമക്കേട് കണ്ടെത്തിയത്. 2018 മുതൽ 2022 വരെയാണ് തട്ടിപ്പ് നടന്നത്. 4 ലക്ഷം രൂപയാണ് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കു നഷ്ടപരിഹാരമായി സർക്കാർ നൽകുന്നത്. ഇതുപ്രകാരം രമേഷ് എന്നയാൾ 30 തവണയും ദ്വാരക ഭായ് 29 തവണയും രാം കുമാർ 28 തവണയും മരിച്ചതായി കാണിച്ചു നഷ്ടപരിഹാരം തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ 47 പേരുടെ ബാങ്ക് അക്കൗണ്ടിലേക്കു 11.26 കോടി രൂപയാണ് ഖജനവിൽ നിന്നു കൈമാറിയത്. ഇതിലൊരു സർക്കാർ ജീവനക്കാരനുമുണ്ട്. ഇവരാകെ 280 തവണ മരിച്ചതായി ചൂണ്ടിക്കാട്ടി പണം തട്ടിയെടുക്കുകയായിരുന്നു.നഷ്ടപരിഹാരത്തിനു അപേക്ഷ നൽകിയവർക്കു മരണസർട്ടിഫിക്കറ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയില്ലാതെ പണം നൽകുകയായിരുന്നു.സംഭവത്തിൽ പ്രധാന പ്രതിയായ ഓഫിസ് ജീവനക്കാരൻ സച്ചിൻ ദഹായകിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറോളം സർക്കാർ ജീവനക്കാർക്കു തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് സൂചന. സംഭവത്തിൽ സംസ്ഥാനത്തെ ബിജെപി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി രംഗത്തെത്തി.
