മുംബൈ: ഷീന ബോറ കൊലക്കേസിൽ 65 പേരെ സി ബി ഐ സാക്ഷിപട്ടികയിൽ നിന്നൊഴിവാക്കി.
ഷീന ബോറയെ അമ്മ ഇന്ദ്രാണിയും മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവർ ശ്യാംവർ റായിയും ചേർന്ന് 2012 ഏപ്രിലിൽ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഗൂഢാലോചനയിൽ പങ്കുണ്ടെന്നു കണ്ടെത്തിയതോടെ കേസിൽ പ്രതി ചേർത്ത ഇന്ദ്രാണിയുടെ മറ്റൊരു മുൻ ഭർത്താവ് പീറ്റർ മുഖർജിയുടെ മുൻ ഭാര്യ ഷബ്നം സിങ് ഉൾപ്പെടെ 65 പേരെയാണ് സാക്ഷി പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. കേസിൽ സാക്ഷി വിസ്താരം ഉടൻ ആരംഭിക്കും. 125 സാക്ഷികളാണ് നിലവിലുള്ളത്.
പ്രതികൾ ഷീന ബോറയെ കാറിൽവച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൻവേലിനടുത്ത് വനമേഖലയിൽ വച്ച് കത്തിക്കുകയായിരുന്നു. 2015ൽ മറ്റൊരു കേസിൽ ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാംവർ റായിയെ അറസ്റ്റ് ചെയ്തപ്പോഴാണ് ഷീന ബോറ കൊലക്കേസിന്റെ ചുരുളഴിഞ്ഞത്. തുടർന്ന് പൻവേലിലെ വനമേഖലയിൽ നടത്തിയ പരിശോധനയിൽ എല്ലുകൾ കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ ഇവ ഷീനയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പീറ്റർ മുഖർജിയുടെ ആദ്യ വിവാഹത്തിലെ മകനായ രാഹുലുമായി ഷീന പ്രണയത്തിലായിരുന്നു. ബന്ധത്തിൽ നിന്നു പിന്മാറണമെന്ന ഇന്ദ്രാണിയുടെ ആവശ്യം അംഗീകരിക്കാത്തതാണ് കൊലപാതകത്തിനു കാരണമെന്നാണ് സിബിഐയുടെ നിഗമനം.
