ന്യൂഡല്‍ഹി: ഭാര്യയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചു 17 വയസുകാരനെ ഭർത്താവ് ഗ്യാസ് സിലണ്ടര്‍ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. വടക്കന്‍ ഡല്‍ഹിയിലെ ഗുലാബി ബാഗില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതാപനഗറിലെ ഒരു വീട്ടില്‍ സംഘര്‍ഷം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. സംഘം എത്തിയപ്പോള്‍ ഒരാള്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. അപ്പോഴേക്കും മരിച്ചിരുന്നു. നാട്ടുകാർ തടഞ്ഞുവച്ച പ്രതിയെ അറസ്റ്റ് ചെയ്തു. തന്റെ ഭാര്യയുമായി 17 കാരന് രഹസ്യബന്ധം ഉണ്ടായിരുന്നുവെന്നും ഇരുവരെയും ഒരുമിച്ചു കാണാന്‍പറ്റാത്ത സാഹചര്യത്തില്‍ കണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു.ബീഹാര്‍ സ്വദേശിയാണ് കൗമാരക്കാരന്‍. 10 ദിവസം മുമ്പാണ് ജോലി തേടി ഡല്‍ഹിയില്‍ എത്തിയത്. പ്രതി താമസിക്കുന്ന വീടിന്റെ സമീപത്തെ കെട്ടിടത്തിലാണ് 17കാരന്‍ താമസിച്ചിരുന്നത്. രണ്ടുദിവസം മുമ്പ് 17 കാരനും പ്രതിയും ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. അന്നുതന്നെ ഭാര്യക്കൊപ്പം 17 കാരനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്നാണ് യുവാവ് പറയുന്നത്. പിറ്റേദിവസം രാവിലെ ഭാര്യ ജോലിക്ക് പോയ സമയത്ത് യുവാവും 17 കാരനും തമ്മില്‍ വാക്ക് തര്‍ക്കം നടന്നു. പ്രകോപിതനായ യുവാവ് കയ്യില്‍ കിട്ടിയ സിലിണ്ടര്‍ എടുത്ത് 17 കാരന്റെ തലയില്‍ അടിച്ചു. പലവട്ടം അടിച്ചു. ബഹളം കേട്ടെത്തിയ പരിസരവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി മുറിയിലിട്ട് പൂട്ടിയിരുന്നു. പിന്നീട് പൊലീസിന് കൈമാറി.
