ഇറ്റാനഗര്‍: സി.ബി.എസ്.ഇ പരീക്ഷയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച വന്‍ സംഘത്തെ അരുണാചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. 53 പേരെ അറസ്റ്റ് ചെയ്തതായി ക്യാപിറ്റല്‍ എസ്പി രോഹിത് രാജ്ബീര്‍ സിംഗ് പറഞ്ഞു. പിടിയിലായ മിക്ക ഉദ്യോഗാര്‍ഥികളും ഹരിയാന സ്വദേശികളാണ്. നവോദയ വിദ്യാലയ സമിതിയുടെ കീഴിലുള്ള അനധ്യാപിക തസ്തിയിലേക്ക് നടത്തിയ പരീക്ഷയിലാണ് തട്ടിപ്പ് നടത്തിയത്. ആധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ മെയ് 18 ആയിരുന്നു പരീക്ഷ നടന്നത്. ജൂനിയര്‍ അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ് എന്നിവ ഉള്‍പ്പെടെയുള്ള തസ്തികളിലേക്കാണ് പരീക്ഷ നടത്തിയത്. ലാബ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് വന്ന ഒരു ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ പൊലീസിനെ വിവരമറിക്കുകയായിരുന്നു. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിക്കാന്‍ കഴിയുന്ന ജി എം എം പ്രവര്‍ത്തനക്ഷമമാക്കിയ വളരെ ചെറിയ ഉപകരണവും, ഒറ്റയടിക്ക് ആരുടെയും ശ്രദ്ധയില്‍ പെടാതെ തരത്തിലുള്ള ചെറിയ ഇയര്‍ പീസും ഉപയോഗിച്ചു 20600 കിലോമീറ്റര്‍ അകലെ ഇരുന്ന് ഉത്തരം കേട്ടെഴുതുകയായിരുന്നു വിദ്യാര്‍ഥികള്‍. പരീക്ഷാ കേന്ദ്രത്തിന് സമീപത്തെ ഹോട്ടലുകളില്‍ നിന്നാണ് ഉദ്യോഗാര്‍ഥികളെ സഹായിച്ചവരെ പിടികൂടിയത്. ഏതു പരീക്ഷയും വിജയിക്കുമെന്നും സര്‍ക്കാര്‍ സര്‍വീസില്‍ വന്‍ ശമ്പളത്തില്‍ ജോലി നേടാന്‍ കഴിയുമെന്നും വാഗ്ദാനം ചെയ്തു തങ്ങളെ ചിലര്‍ സമീപിച്ചു എന്ന് അറസ്റ്റിലായവര്‍ പൊലീസിന് മൊഴി നല്‍കി. ഹരിയാന കേന്ദ്രമായി ഒരുറാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇറ്റാനഗര്‍, ദിമാപൂര്‍, ചണ്ഡീഗഡ് തുടങ്ങിയ വിദൂര സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് പരീക്ഷാ കേന്ദ്രങ്ങളുടെ മുന്‍ഗണനകളില്‍ കൃത്രിമം കാണിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. സൗകര്യമൊരുക്കി കൊടുക്കുന്ന ഇടനിലക്കാരെ തിരിച്ചറിഞ്ഞതായും പ്രധാന കണ്ണികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
