കാസര്‍കോട്: പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഗള്‍ഫിലേക്ക് കടക്കുകയും പീഡന ദൃശ്യങ്ങള്‍ യുവതിയുടെ സുഹൃത്തിനു അയച്ചു കൊടുക്കുകയും ചെയ്തുവെന്ന കേസിലെ പ്രതി വിമാനത്താവളത്തില്‍ അറസ്റ്റില്‍. വെസ്റ്റ് എളേരി ചീര്‍ക്കയത്തെ ആലക്കോടന്‍ ഹൗസില്‍ ജയകൃഷ്ണനെയാണ് വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്പെക്ടര്‍ ടി. മുകുന്ദനും സംഘവും മംഗ്ളൂരു വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തത്.
2024 മാര്‍ച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. യുവതിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത ശേഷം ജയകൃഷ്ണന്‍ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഗള്‍ഫില്‍ വച്ച് വ്യാജ ഇന്‍സ്റ്റഗ്രാം ഐഡി ഉണ്ടാക്കിയ ശേഷം ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ യുവതിയുടെ സുഹൃത്തിനു അയച്ചു കൊടുത്തുവെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബുധനാഴ്ച വൈകുന്നേരം ഗള്‍ഫില്‍ നിന്നു മംഗ്ളൂരു വിമാനത്താവളത്തില്‍ എത്തിയ ജയകൃഷ്ണനെ തടഞ്ഞു വച്ച ശേഷം വിമാനത്താവള അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
