പഠിച്ചിരുന്ന സ്‌കൂള്‍ വളപ്പില്‍ യുവാവ് തൂങ്ങിമരിച്ചു. കോണാജെ കുര്‍നാടു വുലൈകൊപ്പലയില്‍ താമസിക്കുന്ന സുധീര്‍ എന്ന 32 കാരനാണ് കുര്‍നാട് ദത്താത്രേയ എയ്ഡഡ് പ്രൈമറി സ്‌കൂളില്‍ ആത്മഹത്യചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. ചിത്രകാരനും പ്രാദേശിക ദത്താത്രേയ ഭജന, യക്ഷഗാന സംഘത്തിലെ സജീവ അംഗവുമായിരുന്നു സുധീര്‍. തിങ്കളാഴ്ച രാവിലെ പാല്‍ കൊണ്ടുവരാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് സുധീര്‍ സ്‌കൂട്ടറില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് മാതാവിന്റെ വിവരപ്രകാരം നാട്ടുകാര്‍ തെരഞ്ഞപ്പോഴാണ് സ്‌കൂള്‍ വളപ്പില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. താക്കോലും വാഹനത്തില്‍ കണ്ടതോടെ സംശയമുയര്‍ന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ സ്‌കൂള്‍ വളപ്പിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കുറിപ്പെഴുതി വച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. ‘വൃക്കരോഗിയായ ഒരു ബന്ധുവിന് തന്റെ വൃക്ക ദാനം ചെയ്യണം, മെയ് 29 ന് നടക്കാനിരിക്കുന്ന തന്റെ ഇളയ സഹോദരന്റെ വിവാഹം റദ്ദാക്കരുത്’- കുറിപ്പില്‍ പറഞ്ഞു.
കൊണാജെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
