പയ്യന്നൂര്‍: വഴിയാത്രക്കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി നാലു പവന്‍ സ്വര്‍ണ്ണമാല തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ്, പൊടിക്കുണ്ട് സ്വദേശിയും ചേലേരിയില്‍ താമസക്കാരനുമായ കെ. സനീഷി(35)നെയാണ് മയ്യില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം ആറേ കാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചേലേരി കനാല്‍ റോഡിലൂടെ നടന്നു പോവുകയായിരുന്ന ദീപ്തി പ്രകാശ് (42) എന്ന യുവതിയുടെ മാലയാണ് തട്ടിയെടുത്തത്. സ്‌കൂട്ടറില്‍ എത്തിയ സനീഷ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം കഴുത്തില്‍ നിന്നു മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. പരാതി ലഭിച്ച ഉടന്‍ പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമിയെ തിരിച്ചറിഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെ സനീഷിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റു രേഖപ്പെടുത്തി.
