കാസര്‍കോട്: പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര കാസര്‍കോട്ടും എത്തിയിരുന്നതായി സംശയം. ഇതു സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.
‘ട്രാവല്‍ വിത്ത് ജെ.ഒ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ഹരിയാന, ഹിസാര്‍ സ്വദേശിനിയായ ജ്യോതി (33)യെ മെയ് 16നാണ് ഹരിയാന പൊലീസ് അറസ്റ്റു ചെയ്തത്. ജമ്മുകാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ ഓഫീസിലേക്ക് കേക്കുമായി പോയ ജീവനക്കാരനുമായി ജ്യോതിക്കു ബന്ധമുണ്ടെന്നു വ്യക്തമാക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് ജ്യോതിയെ ഹരിയാന പൊലീസ് അറസ്റ്റു ചെയ്തത്. ഇന്ത്യയുടെ തന്ത്രപരമായ വിവരങ്ങളും സൈനിക നടപടികള്‍ സംബന്ധിച്ച കാര്യങ്ങളും ജ്യോതിയും പാക് ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് ഹരിയാന പൊലീസിന്റെ നിഗമനവും സംശയവും. ഇതു സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടയിലാണ് ജ്യോതി കേരളത്തില്‍ എത്തിയിരുന്നുവെന്ന കാര്യം അന്വേഷണ സംഘത്തിനു ലഭിച്ചത്. 2023ലാണ് ആദ്യമായി കേരളത്തില്‍ എത്തിയത്. അതിനു ശേഷം മൂന്നു തവണ കൂടി എത്തിയിരുന്നുവത്രേ. കേരള സന്ദര്‍ശനത്തെ പറ്റിയുള്ള വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. 2023 ആഗസ്റ്റിലാണ് ജ്യോതി ആദ്യം തിരുവനന്തപുരത്ത് എത്തിയത്. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരതിന്റെ ഉദ്ഘാടനം നടത്തിയപ്പോഴാണ് കാസര്‍കോട്ടെത്തിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുള്ള വിവരം. വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയില്‍ പങ്കെടുക്കാനാണ് എത്തിയതെന്നു പറയുന്നു. നേത്രാവതി എക്‌സ്പ്രസില്‍ മുംബൈയില്‍ നിന്നു കാസര്‍കോട്ടെത്തി വന്ദേഭാരത് എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് പോവുകയും പിറ്റേ ദിവസം നേത്രവതി എക്‌സ്പ്രസില്‍ തന്നെ മുംബൈയിലേക്ക് മടങ്ങിയെന്നും പറയുന്നു. അതിനു ശേഷം കണ്ണൂര്‍ വിമാനത്താവളം, കൊച്ചി എന്നിവിടങ്ങളിലും ജ്യോതി എത്തിയിരുന്നു. എന്നാല്‍ ഈ യാത്രകളുടെ വീഡിയോകള്‍ തന്റെ യൂട്യൂബ് ചാനലില്‍ ജ്യോതി പോസ്റ്റ് ചെയ്തിട്ടില്ല. ഇതിന്റെ കാരണത്തെക്കുറിച്ചു അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.