മോഹന്‍ലാല്‍@ 65; പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി നടന്‍; അഭിനയജീവിതം പുസ്തകമാവുന്നു

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന് ഇന്ന് 65-ാം ജന്മദിനമാണ്. മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ച് സിനിമാ രംഗത്തെ പ്രമുഖരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരും സോല്‍ഷ്യല്‍ മീഡിയയില്‍ എത്തി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസ. ‘ഹാപ്പി ബര്‍ത്‌ഡേ ഡിയര്‍ ലാല്‍’, എന്ന് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഈ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ തന്റെ ആരാധകര്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ പങ്കുവച്ചിരിക്കുകയാണ്. 47 വര്‍ഷത്തെ മോഹന്‍ലാലിന്റെ ജീവിതം പുസ്തകമാകുന്നു എന്ന സന്തോഷം, മുഖരാഗം എന്ന പേരില്‍ ഭാനുപ്രകാശ് ആണ് ലാലിന്റെ ജീവചരിത്രം എഴുതുന്നത്. ‘പ്രിയപ്പെട്ടവരെ, എന്റെ ഈ പിറന്നാള്‍ ദിനത്തില്‍ ഒരു വലിയ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഭാനുപ്രകാശ് എഴുതിയ എന്റെ ജീവചരിത്രം, മുഖരാഗം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍, അദ്ദേഹമാണ് അവതാരിക എഴുതിയിരിക്കുന്നത്.

കഴിഞ്ഞ 47 വര്‍ഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകമാണിത്. ഏറെ വര്‍ഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ച് എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തിയെഴുതാന്‍ ഭാനുപ്രകാശ് എന്ന എഴുത്തുകാരന്‍ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗത്തെ യാഥാര്‍ഥ്യമാക്കുന്നത്. ആയിരത്തോളം പേജ് വരുന്ന ഈ പുസ്തകം എന്റെ സിനിമാ ജീവിതത്തിന്റെ 47 വര്‍ഷം പൂര്‍ത്തിയാവുന്ന 2025 ഡിസംബര്‍ 25 ന് പുറത്തുവരും, നന്ദി’- മോഹന്‍ലാല്‍ പറഞ്ഞു. തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ചത്. മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ഭരതം, കമലദളം, ദേവാസുരം, ഏയ് ഓട്ടോ, കിലുക്കം, താളവട്ടം, ചിത്രം, വാനപ്രസ്ഥം നടനവൈഭവത്തിന്റെ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ‘കമ്പനി’, മണിരത്നം ഒരുക്കിയ ‘ഇരുവര്‍’ തുടങ്ങിയവയാണ് മോഹന്‍ലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങള്‍. മലയാളികളുടെ ആഘോഷമായി മോഹന്‍ലാല്‍ ഇന്നും യാത്ര തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഓട്ടത്തിനിടയില്‍ ബസിന്റെ മുന്‍ വശത്തു നിന്നു പുക ഉയര്‍ന്നു; പരിശോധിക്കുന്നതിനിടയില്‍ മുന്നോട്ട് നീങ്ങിയ ബസ് മറ്റൊരു ബസിലിടിച്ച് മെഡിക്കല്‍ ഷോപ്പിലേക്ക് പാഞ്ഞു കയറി, അഡൂരില്‍ ഒഴിവായത് വന്‍ ദുരന്തം

You cannot copy content of this page