തളിപ്പറമ്പ്: നിര്‍മ്മാണപ്രവൃത്തി നടക്കുന്ന കുപ്പം ദേശീയപാതയില്‍ നിന്ന് ചെളിയും വെള്ളവും ഇരച്ചുകയറി വീടുകള്‍ അപകടത്തിലാകുന്നതിന് പരിഹാരം ആവശ്യപ്പെട്ട് കുട്ടികള്‍ക്കൊപ്പം വീട്ടമ്മമാര്‍ ദേശീയപാത ഉപരോധിച്ചു. കുപ്പം സി.എച്ച് നഗറിലെ 50 ഓളം സ്ത്രീകളാണ് എ.ബി.സി ഹൗസിന് എതിര്‍വശമുള്ള ദേശീയപാത ബുധനാഴ്ച രാവിലെ ഉപരോധിച്ചത്. സംഭവത്തെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. സംഭവമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഉപരോധത്തില്‍ നിന്ന് പിന്മാറാന്‍ വീട്ടമ്മമാര്‍ തയ്യാറായില്ല. ദേശീയപാത അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി ഉറപ്പ് നല്‍കിയാല്‍ മാത്രമേ പിന്മാറൂവെന്നായിരുന്നു അവരുടെ നിലപാട്. ഒടുവില്‍ ജില്ലാ കളക്ടര്‍ സ്ഥലത്തെത്താമെന്ന ഉറപ്പിനെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറിന് ശേഷം വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കുകയായിരുന്നു. എസ്.ഐ കെ.ടി.വി രാജേഷിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പൊലീസും എസ്.ഐ സനിത്തിന്റെ നേതൃത്വത്തില്‍ പരിയാരം പൊലീസും സ്ഥലത്തെത്തിയാണ് ഉപരോധക്കാരെ താല്‍കാലികമായി മാറ്റി നിര്‍ത്തിപ്പിച്ചത്. പരിയാരം വില്ലേജ് ഓഫീസര്‍ വിനോദും സ്ഥലത്തെത്തിയിരുന്നു.
