ഹൈദരാബാദ്: 9 വർഷം മുൻപ് മരിച്ചയാൾക്കെതിരെ ഭൂമി തട്ടിപ്പിനു കേസെടുത്ത തെലങ്കാന പൊലീസ് എസ്ഐയ്ക്കു സസ്പെൻഷൻ.
കഴിഞ്ഞ ജനുവരി 21നാണ് തന്റെ ഭൂമി ചിലർ തട്ടിയെടുത്തതായി ജയശ്രീയെന്ന യുവതി വാറങ്കൽ എജെ മിൽസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ അന്വേഷണമൊന്നും നടത്താതെ ഒമ്പത് വർഷം മുൻപ് മരിച്ചു പോയ ബദിനി ചന്ദ്രശേഖർ എന്നയാൾക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് ചന്ദ്രശേഖരന്റെ കുടുംബം സ്റ്റേഷനിലെത്തി നടപടിയെ ചോദ്യം ചെയ്തു. കേസിൽ നിന്നു പരേതനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വളരെ മോശമായാണ് പൊലീസ് ഉദ്യോഗസ്ഥർ ഇവരോടു പ്രതികരിച്ചത്. കൂടുതൽ ചോദ്യങ്ങൾ ചോദിച്ചാൽ കുടുംബത്തെ മുഴുവൻ കേസിൽപെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഭൂമി മാഫിയയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് നിരപരാധിയായ മരിച്ചു പോയ ആൾക്കെതിരെ കേസെടുത്തതെന്ന് ഇവർ ആരോപിച്ചു.
സംഭവം വിവാദമായതോടെ സ്റ്റേഷനിലെ എസ്ഐ ജെ. വെങ്കിട്ട രത്നത്തെ പൊലീസ് കമ്മിഷണർ സസ്പെന്റ് ചെയ്തു. പൊലീസ് സ്റ്റേഷനിലുള്ളിൽവച്ച് സ്ത്രീയോടു മോശമായി പെരുമാറിയെന്ന ആരോപണവും എസ്ഐ നേരിടുണ്ട്.
