റായ്പുര്‍: ഛത്തീസ്ഗഢില്‍ 30 മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉള്‍പ്പെടെയുള്ള മാവോവാദികളെയാണ് കൊലപ്പെടുത്തിയതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. നാരായണ്‍പുര്‍ ജില്ലയിലെ അബുജംദ് വനമേഖലയില്‍ ബുധനാഴ്ച രാവിലെയാണ് മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മുതിര്‍ന്ന മാവാവോദി നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഛത്തീസ്ഗഢ് പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡ്(ഡിആര്‍ജി) അംഗങ്ങള്‍ വനമേഖലയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് മാവോവാദികള്‍ ജവാന്മാര്‍ക്ക് നേരേ വെടിയുതിര്‍ത്തെന്നും ഇതോടെ സുരക്ഷാസേന തിരിച്ചടിച്ചെന്നുമാണ് റിപ്പോര്‍ട്ട്. നാരായണ്‍പുര്‍, ബിജാപുര്‍, ദന്തേവാഡ ജില്ലകളില്‍നിന്നുള്ള ഡിആര്‍ജി അംഗങ്ങളാണ് ബുധനാഴ്ചത്തെ ഓപ്പറേഷനില്‍ പങ്കെടുത്തത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബാസവരാജ് നിരോധിതസംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) യുടെ ജനറര്‍ സെക്രട്ടറിയായിരുന്നു. 1970 മുതല്‍ നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയും തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും പൊലീസ് സേനയും അദ്ദേഹത്തെ തിരയുന്നുണ്ടായിരുന്നു.
ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റി നേതാവായ മധുവും കൊല്ലപ്പെട്ടതായി സൈനീകവൃത്തങ്ങള്‍ അറിയിച്ചു. ഛത്തീസ്ഗഢ്-തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ടാലു കുന്നിന് സമീപം മാവോയിസ്റ്റ് സാന്നിധ്യം നേരിടാന്‍ സുരക്ഷാ സേന ‘ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്’ നടത്തി ഒരു മാസത്തിന് ശേഷമാണ് ഈ ഏറ്റുമുട്ടല്‍ നടന്നത്.
