ഹണിമൂണ്‍ കഴിഞ്ഞാല്‍ മുങ്ങും; ഏഴുമാസത്തിനിടെ വിവാഹം കഴിച്ചത് 25 ഓളം യുവാക്കളെ, 23 കാരിയെ പൊലീസ് പിടികൂടിയത് വേഷംമാറി വരനായി

ജയ്പുര്‍: വിവാഹം കഴിച്ചശേഷം ഏതാനും ദിവസം ഒപ്പംതാമസിച്ച് പണവും സ്വര്‍ണവുമായി മുങ്ങുന്ന വിവാഹത്തട്ടിപ്പുകാരി ഒടുവില്‍ പിടിയിലായി. വിവാഹ തട്ടിപ്പുകാരി അനുരാധ പാസ്വാനെ(23) ഭോപാലില്‍ നിന്നാണ് മധോപുര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഏഴുമാസത്തിനിടെ 25-ഓളം യുവാക്കളെയാണ് കബളിപ്പിച്ചത്. യുവാക്കളുടെ സ്വര്‍ണവും പണവും ഉള്‍പ്പെടെ കവര്‍ന്നതായി പൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായ സവായ് മധോപോര്‍ സ്വദേശിയായ വിഷ്ണു ശര്‍മയുടെ പരാതിയിലാണ് യുവതിയെ പൊലീസ് പിടികൂടിയത്. സുനിത, പപ്പു മീണ എന്നീ ദല്ലാളുമാര്‍ വഴിയാണ് ശര്‍മയുമായി അനുരാധയുമായുള്ള വിവാഹം ഉറപ്പിച്ചത്. ദല്ലാളുമാര്‍ക്ക് യുവാവ് രണ്ടുലക്ഷം രൂപയും നല്‍കി. ഏപ്രില്‍ 20-നായിരുന്നു അനുരാധയുമായുള്ള വിവാഹം. മെയ് രണ്ടാം തീയതി വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും ഉള്‍പ്പെടെ കൈക്കലാക്കി ഭാര്യ മുങ്ങിയെന്നായിരുന്നു വിഷ്ണു ശര്‍മയുടെ പരാതി. പൊലീസിന്റെ അന്വേഷണത്തില്‍ ഭോപാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ വിവാഹത്തട്ടിപ്പ് റാക്കറ്റിലെ കണ്ണിയാണ് അനുരാധയെന്ന് കണ്ടെത്തി.
നേരത്തേ ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു. ദാമ്പത്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്ന് ഭോപാലിലേക്ക് താമസം മാറ്റി. ഈ സമയത്താണ് വിവാഹത്തട്ടിപ്പ് സംഘവുമായി ബന്ധം സ്ഥാപിച്ചത്. വിവാഹം ആലോചിക്കുന്ന യുവാക്കള്‍ക്ക് വാട്‌സാപ്പ് വഴി അനുരാധയുടെ ചിത്രം അയച്ചാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. വിവാഹം ഉറപ്പിച്ചാല്‍ രണ്ടുമുതല്‍ അഞ്ചുലക്ഷം രൂപ വരെ ദല്ലാളന്മാര്‍ ഈടാക്കും. വിവാഹം കഴിഞ്ഞാല്‍ അനുരാധ വരനൊപ്പം ഏതാനുംദിവസം താമസിക്കും. പിന്നീട് വരന്റെ സ്വര്‍ണവും പണവും വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം കൈക്കലാക്കി ഇവര്‍ മുങ്ങുകയാണ് ചെയ്യാറുള്ളതെന്നും പോലീസ് പറഞ്ഞു.
വിഷ്ണു ശര്‍മയുടെ പണവും സ്വര്‍ണവും കൈക്കലാക്കി മുങ്ങിയതിനുപിന്നാലെ യുവതി ഭോപാലിലെ ഗബ്ബാര്‍ മേഖലയില്‍നിന്ന് മറ്റൊരു യുവാവിനെ വിവാഹം കഴിച്ചിരുന്നു. ഈ സമയത്താണ് പൊലീസ് സംഘം വേഷംമാറി യുവതിയെയും തട്ടിപ്പുസംഘത്തെയും ബന്ധപ്പെട്ടത്. അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരന്‍ വേഷംമാറി വിവാഹം ആലോചിക്കുന്ന യുവാവെന്ന വ്യാജേന വിവാഹ ദല്ലാളുമാരെ ബന്ധപ്പെട്ടു. ഇവര്‍ മുഖേന അന്വേഷണസംഘം യുവതിയെ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട രോഷ്‌നി, രഘുഭീര്‍, ഗോലു, മജ്ബൂത്ത് സിങ് യാദവ്, അര്‍ജാന്‍ തുടങ്ങിയവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page