കണ്ണൂര്‍: ബൈക്കില്‍ കാറിടിച്ചു വീഴ്ത്തി എട്ടു ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ സൂത്രധാരനെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍, പുതിയ തെരു, നടുക്കണ്ടിയിലെ എന്‍. മുബാറകി (31) നെയാണ് ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌ക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. 2024 ഡിസംബര്‍ 13ന് രാവിലെ 10.30ഓടെയാണ് കേസിനാസ്പദമായ സംഭവം. എടയന്നൂര്‍ മുരിക്കഞ്ചേരിയിലെ എം. മെഹറൂഫ് (47) ആണ് അക്രമത്തിന് ഇരയായത്. ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ മെഹറൂഫിന്റെ കൈവശം പരിചയക്കാര്‍ നാട്ടില്‍ പലര്‍ക്കും നല്‍കാനായി ഏല്‍പ്പിച്ച എട്ട് ലക്ഷം രൂപയാണ് കൊള്ളയ ടിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന മെഹറൂഫിനെ കാര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം കാറിനകത്തേയ്ക്ക് വലിച്ചു കയറ്റി കണ്ണിലേയ്ക്ക് കുരുമുളക് സ്പ്രേ ചെയ്ത ശേഷമാണ് പണം കൈക്കലാക്കിയത്. പിന്നീട് കീഴല്ലൂര്‍ കനാല്‍ റോഡില്‍ ഇറക്കിവിട്ടാണ് അക്രമി സംഘം രക്ഷപ്പെട്ടത്. കേസില്‍ കൊറ്റാളി സ്വദേശി പ്രസൂണ്‍, മജീദ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. എന്നാല്‍ സംഘത്തലവനായ മുബാറക്കിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തിനു ശേഷം സംസ്ഥാനത്തിനകത്തും പുറത്തുമായി കറങ്ങി നടന്ന മുബാറക്ക് വയറുവേദനയെത്തുടര്‍ന്ന് തിങ്കളാഴ്ച്ച കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. വിശദമായി ചോദ്യംചെയ്തശേഷം ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂരിലെ മുഹമ്മദ് ഷെരീഫിന്റെ കാര്‍ വാടകക്കെടുത്ത് വ്യാജ നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ചായിരുന്നു അക്രമത്തിനു ഉപയോഗിച്ചത്. കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും നമ്പര്‍ പ്ലേറ്റ് വ്യാജമായതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഹുണ്ടായി കാറാണെന്ന് മനസിലാക്കിയ പൊലീസ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് അക്രമത്തിനു ഉപയോഗിച്ച കാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മുഹമ്മദ് ഷെരീഫിനെ ബന്ധപ്പെട്ട് കാറിന്റെ ഫോട്ടോ കാണിച്ച് അത് വാടകക്കെടുത്തത് മുബാറക്കാണെന്ന് ഉറപ്പിച്ചാണ് അറസ്റ്റ് ചെയ്തത്. വളപട്ടണം, കണ്ണൂര്‍ ടൗണ്‍, മയ്യില്‍, കാസര്‍കോട്, മലപ്പുറം, തൃശൂര്‍, വയനാട് ഉള്‍പ്പെടെ സമാനമായ 12 ഓളം കേസില്‍ പ്രതിയാണ് മുബാറക്ക്. ആദ്യം കുഴല്‍പ്പണക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുന്ന ഏര്‍പ്പാടായിരുന്നു മുബാറക്കിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നത്. പിന്നീട് ഗള്‍ഫില്‍ നിന്ന് വരുന്നവരെയടക്കം അപകടത്തില്‍പ്പെടുത്തി തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കൈക്കലാക്കുന്ന ഏര്‍പ്പാടിലേക്ക് തിരിയുകയായിരുന്നു.
വളപട്ടണം എസ്.ഐ ടി.എം വിപിന്‍, ചക്കരക്കല്‍ എസ്.ഐ സജേഷ് സി. ജോസ്, സീനിയര്‍ സി.പി.ഒ സി.എന്‍ അജയകുമാര്‍, സി.പി.ഒ നാസര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.