മംഗളൂരു: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം മൂലം ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 22 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച ഉച്ച മുതല്‍ ജില്ലകളിലെല്ലാം വ്യാപകമായ മഴ പെയ്യുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍, തടാകങ്ങള്‍, നദികള്‍, കടല്‍ത്തീരങ്ങള്‍ എന്നിവയ്ക്ക് സമീപം കുട്ടികള്‍ പോകരുതെന്ന് മാതാപിതാക്കള്‍ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ മുല്ലൈ മുഹിലന്‍ നിര്‍ദ്ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുറപ്പെട്ടവര്‍ ഉടന്‍ കരയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
