ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ജയിൽ സമുച്ചയങ്ങളിലൊന്നായ തിഹാർ ജയിൽ ഡൽഹിക്കു പുറത്തേക്ക് മാറ്റുന്നു. നഗരത്തിനു പുറത്ത് പുതിയ ജയിൽ നിർമിക്കാൻ 400 ഏക്കർ സ്ഥലം ആവശ്യപ്പെട്ട് ജയിൽ വകുപ്പ് ഡൽഹി വികസന അതോറിറ്റിക്കു കത്തെഴുതി.
ഡൽഹിയിൽ തിഹാർ, രോഹിണി, മണ്ഡോളി എന്നിവിടങ്ങളിലാണ് ജയിലുകൾ പ്രവർത്തിക്കുന്നത്. 16 ജയിലുകളിലായി 10,026 തടവുകാരെ പാർപ്പിക്കാനുള്ള ഇടമാണുള്ളത്. എന്നാൽ ഇരുപതിനായിരത്തിലധികം തടവുകാരാണ് ജയിലുകളിൽ നിലവിലുള്ളത്. തിഹാർ ജയിൽ സമുച്ചയത്തിലെ 1 മുതൽ 9 വരെയുള്ള ജയിലുകളിൽ 5,000 പേരെയാണ് പാർപ്പിക്കാനാകുക. നിലവിൽ 12,000ത്തിലധികം തടവുകാരുണ്ട്. ഇതു കടുത്ത സുരക്ഷാ ഭീഷണി ഉയർത്തുന്നതായും ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതീവ സുരക്ഷാ സംവിധാനങ്ങളുള്ള പുതിയ ജയിൽ ഡൽഹിയിൽ നിർമിക്കാനുള്ള പദ്ധതി പുരോഗമിക്കുന്നുണ്ട്. എന്നാൽ കൊടുംകുറ്റവാളികളെ പാർപ്പിക്കുന്നതിനുള്ള പുതിയ ജയിലിൽ 256 തടവുകാർക്കുള്ള ഇടം മാത്രമാണുള്ളത്. അതിനാൽ തിരക്ക് നിയന്ത്രിക്കാൻ പുതിയ വലിയ ജയിൽ നിർമിച്ച് തടവുകാരെ മാറ്റി പാർപ്പിക്കണം. ജനവാസ പ്രദേശത്തു നിന്നു ജയിൽ മാറ്റുന്നത് സുരക്ഷ വർധിപ്പിക്കുമെന്നും കത്തിൽ പറയുന്നു.
