ബെംഗളൂരു: നഗരത്തിൽ കനത്ത മഴയ്ക്കിടെ 12 വയസ്സുകാരൻ ഉൾപ്പെടെ 2 പേർ ഷോക്കേറ്റ് മരിച്ചു. ബിടിഎം ലേഔട്ടിലെ അപ്പാർട്മെന്റിലാണ് അപകടമുണ്ടായത്. അപ്പാർട്മെന്റിലെ സുരക്ഷാ ജീവനക്കാരന്റെ മകൻ ദിനേശ്(12), ഇവിടുത്തെ താമസക്കാരനായ മൻമോഹൻ കാമത്ത്(63) എന്നിവരാണ് മരിച്ചത്. അപ്പാർട്ട്മെന്റിന്റെ ബേസ്മെന്റിൽ കയറിയ വെള്ളം അടിച്ചു കളയാൻ മോട്ടോർ പ്രവർത്തിപ്പിച്ചപ്പോഴാണ് ഇരുവർക്കും ഷോക്കേറ്റത്. മോട്ടോർ പ്ലഗ് ചെയ്തതിനു പിന്നാലെ മൻമോഹനു ഷോക്കേറ്റു. തുടർന്ന് തൊട്ടരികെ നിന്നിരുന്ന ദിനേശിനും ഷോക്കേൽക്കുകയായിരുന്നു.ഇതോടെ ബെംഗളൂരുവിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. തിങ്കളാഴ്ച ശുചീകരണ തൊഴിലാളി മതിലിടിഞ്ഞു വീണു മരിച്ചിരുന്നു. ഇന്നും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇതോടെ ഐടി കമ്പനികൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്.
