ന്യൂഡൽഹി : ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ട കേസിൽ ശശി തരൂർ എംപിക്ക് ഡൽഹി ഹൈക്കോടതി നോട്ടിസ് അയച്ചു. ദേശീയ ചാനലിലെ ചർച്ചയിൽ ശശി തരൂർ തന്നെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന രാജീവിന്റെ ഹർജി മജിസ്ട്രേട്ട് കോടതി നേരത്തേ തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്ത് രാജീവ് സമർപ്പിച്ച ഹർജി ഹൈക്കോടതി സ്വീകരിക്കുകയായിരുന്നു. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ നടന്ന ടിവി ചർച്ചയിൽ താൻ വോട്ടർമാർക്ക് പണം നൽകുന്നതായി തരൂർ ആരോപിച്ചതായും ഇതു മാനഹാനി ഉണ്ടാക്കിയതായും രാജീവിന്റെ ഹർജിയിൽ പറയുന്നു. തെളിവുകൾ പരിഗണിക്കാതെയാണ് മജിസ്ട്രേട്ട് കോടതി ഹർജി തള്ളിയതെന്ന രാജീവിന്റെ അഭിഭാഷകന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.സെപ്റ്റംബർ 18 നാകും കേസ് വീണ്ടും പരിഗണിക്കുക.
