കാസര്‍കോട്: ചീമേനിയില്‍ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം വീടിന് സമീപത്തുള്ള വയലിലെ കുളത്തില്‍ നിന്ന് കണ്ടെത്തി. ചീമേനിയില്‍ ക്ലായിക്കോട്, മുഴക്കോം, വടക്കേക്കരയിലെ സുനിലിന്റെ ഭാര്യ കെ.ടി. ബീന(40)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാവിലെ കുട്ടിയെ അംഗന്‍വാടിയില്‍ കൊണ്ടു വിട്ട ശേഷം വീട്ടില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് മുഴക്കോത്തെ ജോലി സ്ഥലത്തേയ്ക്കു പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. വൈകീട്ട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍തൃ സഹോദരന്‍ സതീശന്‍ നല്‍കിയ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ചീമേനി പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
