ലക്നൗ: വീടിനുള്ളിലെ സ്യൂട്കേസിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ തിൽഹാറിലാണ് സംഭവം.
സവിത (32)എന്ന യുവതിയെ യാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർതൃസഹോദരനാണ് സവിത ആത്മഹത്യ ചെയ്ത വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് വീട്ടിൽ പരിശോധന നടത്തിയ പൊലീസ് സ്യൂട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തി.
സവിത തൂങ്ങിമരിച്ചെന്ന് ഭർത്താവ് അശോക് കുമാർ പൊലീസിനോടു പറഞ്ഞു. നിയമനടപടി പേടിച്ച് മൃതദേഹം അഴിച്ചിറക്കി സ്യൂട്കേസിലാക്കിയെന്നാണ് ഇയാളുടെ വാദം. ദമ്പതികളുടെ 2 മക്കളും അച്ഛന്റെ വാദത്തെ പിന്തുണയ്ക്കുന്നു.
സവിതയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. മൃതദേഹം അഴുകിയിട്ടില്ല. മൃതദേഹം സ്യൂട്കേസിലാക്കിയത് സംശയാസ്പദമാണെന്നും വിശദ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് രാജേഷ് ത്രിവേദി അറിയിച്ചു.
