ലക്നൗ: പ്രണയബന്ധത്തെ എതിർത്ത അമ്മയെ 16 വയസ്സുകാരിയായ മകളും 17 വയസ്സുകാരനായ കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഉഷാ സിങ് (40) ആണ് കൊല്ലപ്പെട്ടത്. ലക്നൗവിലെ ചിൻഹത് മേഖലയിലാണ് സംഭവം. ഞായറാഴ്ച രാവിലെ 3.30ഓടെയാണ് 16 വയസ്സുകാരിയുടെ നിലവിളി കേട്ട് അയൽക്കാരെത്തിയത്. ഉഷ മരിച്ചെന്നും അജ്ഞാത സംഘം കൊലപ്പെടുത്തിയെന്നും പെൺകുട്ടി നാട്ടുകാരോട് പറഞ്ഞു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്കെതിരെ ഫൊറൻസിക് തെളിവുകൾ ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താനും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ഇവൾ സമ്മതിക്കുകയായിരുന്നു. ഇരുവരും ചേർന്ന് ഉഷയെ തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച ശേഷം ഗ്ലാസ് കഷണം ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തുടർന്ന് ഇവരുടെ മൃതദേഹം നഗ്നമാക്കി. മോഷണവും ലൈംഗിക അതിക്രമവും നടന്നെന്നു ചിത്രീകരിക്കാനായിരുന്നു ഇത്.വർഷങ്ങളായി പ്രതികൾ തമ്മിൽ പ്രണയത്തിലാണ്. കഴിഞ്ഞ വർഷം ഇരുവരും ഒളിച്ചോടിയിരുന്നു. എന്നാൽ ഉഷയുടെ പരാതിയിൽ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടപ്പോൾ കാമുകനെ ജുവനൈൽ ഹോമിലാക്കി. ഇതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
