ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തി നടത്തിയിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്ക് കുരുക്കായത് സ്വന്തം വീഡിയോകള്‍. പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന വീഡിയോകള്‍ ജ്യോതി യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇയാളെ ചാരപ്രവര്‍ത്തി ആരോപിച്ച് ഇന്ത്യ പുറത്താക്കിയിരുന്നു. പാകിസ്താനില്‍ പലവട്ടം പോയിട്ടുള്ള യൂട്യൂബറായ ജ്യോതി മല്‍ഹോത്രയ്ക്ക് ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷ് എന്നയാളുമായി അടുത്ത ബന്ധമുണ്ട്.
പാകിസ്താനിലേക്കുള്ള യാത്രയ്ക്കുള്ള വിസ അടക്കം തയ്യാറാക്കിയത് ഡാനിഷ് വഴിയാണെന്നാണ് വിവരം. പാക് ചാര സംഘടനയിലെ ഏജന്റുമാര്‍ക്ക് ജ്യോതിയെ പരിചയപ്പെടുത്തി നല്‍കിയതും ഡാനിഷ് ആണെന്നാണ് സംശയിക്കുന്നത്. പിന്നാലെ മാസങ്ങളായി ജ്യോതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. കേരളത്തിലും വ്‌ലോഗിങ്ങിന്റെ ഭാഗമായി ജ്യോതി എത്തിയിട്ടുണ്ട്. കോഴിക്കോടും ആലപ്പുഴയും മൂന്നാറുമടക്കം വിവിധ സ്ഥലങ്ങളുടെ വീഡിയോയും യൂട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്. ചാരപ്രവര്‍ത്തി ആരോപിച്ച് ഹരിയാനയില്‍ രണ്ടാഴ്ചയ്ക്കിടെ ഒമ്പത് പേരാണ് അറസ്റ്റിലായത്.
