മംഗളൂരു: മണ്‍സൂണ്‍ അടുത്തതോടെ വിനോദസഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത്, കര്‍ണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മാല്‍പെയിലെ സെന്റ് മേരീസ് ദ്വീപിലേക്കുള്ള പ്രവേശനം ഉഡുപ്പി ജില്ലാ ഭരണകൂടം നിരോധിച്ചു. മെയ് 16 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നു. നാല് മാസത്തേക്ക് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ കാലയളവില്‍ ദ്വീപിലെ എല്ലാ സാഹസിക ജല കായിക വിനോദങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തിരമാലകള്‍ ശക്തി പ്രാപിക്കുകയും കാറ്റിന്റെ വേഗത വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ടൂറിസം വകുപ്പ് ഈ മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്. സെപ്റ്റംബര്‍ 15 വരെ നിരോധനം പ്രാബല്യത്തില്‍ വരും. എന്നിരുന്നാലും, വിനോദസഞ്ചാരികള്‍ക്ക് ഇപ്പോഴും ബീച്ച് സന്ദര്‍ശിക്കാന്‍ അനുവാദമുണ്ട്. ജൂണ്‍ 1 മുതല്‍, അധിക സുരക്ഷാ നടപടിയായി ബീച്ചിന്റെ നീളത്തില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുമെന്ന് ടൂറിസം വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ചന്ദ്രശേഖര്‍ പറഞ്ഞു.
