ചെന്നൈ: ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു. ഇന്ന് രാവിലെ 5.59ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലാണ് വിക്ഷേപണം നടന്നത്. പിഎസ്എൽവി സി61 റോക്കറ്റിന് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാനായില്ല. മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ സാങ്കേതിക തകരാറാണ് വിക്ഷേപണം പരാജയപ്പെടാൻ ഇടയാക്കിയത്.ദൗത്യം പരാജയപ്പെട്ടതായും പരിശോധനകൾക്കു ശേഷം വീണ്ടും വിക്ഷേപിക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ വി.നാരായണൻ അറിയിച്ചു.
ഭീകരാക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തിലെ അതിർത്തികൾ സൂക്ഷ്മമായ നിരീക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഒപ്പം ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയ്ക്കും ഉപഗ്രഹത്തിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ സഹായകമാകും. ഐഎസ്ആർഒ വിക്ഷേപിക്കുന്ന നൂറ്റിയൊന്നാമത്തെ ഉപഗ്രഹമായിരുന്നു.
