ധാക്ക: വധശ്രമക്കേസിൽ പ്രമുഖ ബംഗ്ലദേശ് നടിയും മോഡലുമായ നസ്രത് ഫരിയ അറസ്റ്റിൽ. പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയായി സിനിമയിൽ അഭിനയിച്ച നടിയാണ് നസ്രത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ഷെയ്ഖ് ഹസീന സർക്കാരിനെതിരായ ഭരണവിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് നടിക്കെതിരെ വധശ്രമത്തിനു കേസെടുത്തത്. ഇതിനു കോടതിയുടെ അനുമതി ലഭിച്ചിരുന്നു. പിന്നാലെ തായ് ലൻഡിലേക്കു പോകാൻ ധാക്ക വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പൊലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് നടിയെ അറസ്റ്റ് ചെയ്തത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്കു ഇവർ സാമ്പത്തിക സഹായം നൽകിയിരുന്നു.
ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലദേശ് വിമോചന നായകനുമായ മുജീബ് റഹ്മാന്റെ ജീവിതം പ്രമേയമാക്കി വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ ഒരുക്കിയ “മുജീബ്; ദി മേക്കിങ് ഓഫ് എ നേഷൻ” എന്ന സിനിമ 2023ലാണ് പുറത്തിറങ്ങിയത്. ഇതിൽ ഷെയ്ഖ് ഹസീനയായി നസ്രത് വേഷമിട്ടിരുന്നു.
പരസ്യ മോഡലായും റേഡിയോ ജോക്കിയായും കരിയറിനു തുടക്കമിട്ട നസ്രത് 15ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇവരുടെ ആറോളം സിനിമകൾ പുറത്തിറങ്ങാനുണ്ട്.
