ഭോപ്പാല്‍: മെഡിക്കല്‍ സ്റ്റോറില്‍ നിന്നു മാറി നല്‍കിയ മരുന്ന് കഴിച്ച് യുവതി മരിച്ചു. വേദനസംഹാരി ഗുളികകയ്ക്കു പകരം കീടനാശിനി ഗുളിക കഴിച്ച് യുവതി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. രേഖ (32) എന്ന യുവതിയാണു മരിച്ചത്. മെഡിക്കല്‍സ്റ്റോര്‍ ഉടമ ലോകേന്ദ്ര ബാബെലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് പല്ലുവേദനയ്ക്കു മരുന്ന് തേടി രേഖ മെഡിക്കല്‍സ്റ്റോറിലെത്തിയത്. എന്നാല്‍ ജീവനക്കാരന്‍ നല്‍കിയതു കീടനാശിനിയായി ഉപയോഗിക്കുന്ന അലുമിനിയം ഫോസ്‌ഫൈഡ് ഗുളികയായിരുന്നു. വീട്ടിലെത്തിയ രേഖ രാത്രി ഗുളിക കഴിച്ചു. പിന്നാലെ ആരോഗ്യനില മോശമായി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഗുളികയിലെ വിഷമാണ് മരണകാരണമെന്ന് കണ്ടെത്തി. ഇതോടെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്ത പൊലീസ് മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ പിടികൂടി. ഗുളിക നല്‍കിയ ജീവനക്കാരന്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു.
