ന്യൂഡൽഹി: ഇന്ത്യൻ സൈനിക രഹസ്യങ്ങൾ പാക്കിസ്താനു ചോർത്തി നൽകിയതിനു യൂട്യൂബറായ യുവതി ഉൾപ്പെടെ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാണയിലെ ട്രാവൽ വ്ലോഗറായ ജ്യോതി മൽഹോത്രയാണ് അറസ്റ്റിലായത്. ഒരു കോളജ് വിദ്യാർഥിയും സംഘത്തിലുണ്ട്. ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലെ ജീവനക്കാരനായ ഇഹ്സാനുൽ റഹീമെന്ന ഡാനിഷ് മുഖേന പാക് ചാരസംഘടനയ്ക്ക് ഇവർ വിവരം കൈമാറിയതായി കണ്ടെത്തിയതോടെയാണ് നടപടി.
ജ്യോതിയുടെ ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനൽ 3.7 ലക്ഷം പേർ പിന്തുടരുന്നുണ്ട്. 2023ൽ ട്രാവൽ വ്ലോഗ് ചെയ്യാൻ ജ്യോതി പാക്കിസ്താൻ സന്ദർശിച്ചിരുന്നു. ഈ സമയത്താണ് ഡാനിഷുമായി പരിചയപ്പെടുന്നത്. പാക് ചാരസംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഡാനിഷ് ജ്യോതിക്കു പരിചയപ്പെടുത്തി.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്ര പ്രധാനമായ വിവരങ്ങൾ ഇവർ പാക്കിസ്താനു കൈമാറി. ഒപ്പം പാക്കിസ്താന്റെ പ്രതിഛായ വർധിപ്പിക്കുന്നതിനുള്ള വിഡിയോകളും യൂട്യൂബ് ചാനലിൽ പങ്കുവച്ചു. പാക് ചാര സംഘടനയിൽപെട്ട ഒരാളുമായി ജ്യോതി ബാലിയിലേക്കു യാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങൾ ചോർത്താൻ ശ്രമിച്ച ഡാനിഷിനെ ഹൈക്കമ്മിഷനിൽ നിന്നു അടുത്തിടെ പുറത്താക്കിയ ഇന്ത്യ രാജ്യം വിടാൻ ഉത്തരവിട്ടിരുന്നു.
