ബെംഗളൂരു: സിഗരറ്റ് വാങ്ങി നൽകാൻ വിസമ്മതിച്ചതിനു സോഫ്റ്റ് വെയർ എൻജിനീയറെ യുവാവ് കാറിടിച്ചു കൊലപ്പെടുത്തി. എച്ച്.എൻ. സഞ്ജയ്(29) ആണ് കൊല്ലപ്പെട്ടത്. കാറോടിച്ചിരുന്ന പ്രതീകിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ കനക്പുര റോഡിലാണ് സംഭവം.
സഞ്ജയ്യും സുഹൃത്തായ ചേതനും സുബ്രഹ്മണ്യപുരയിലെ കടയിൽ സിഗരറ്റ് വലിച്ചു നിൽക്കുകയായിരുന്നു. ഈ സമയത്ത് കാറിലെത്തിയ പ്രതീക് തൊട്ടടുത്ത കടയിൽ നിന്നു സിഗരറ്റ് വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ സഞ്ജയ് വിസമതിച്ചതോടെ ഇരുവരും തമ്മിൽ വാക്കു തർക്കമായി. പ്രതീക്, സഞ്ജയിയെ മർദിച്ചു. സംഭവത്തിനു പിന്നാലെ സഞ്ജയ്യും ചേതനും ബൈക്കിൽ മടങ്ങി. എന്നാൽ പകതീർക്കാനായി കാത്തു നിന്നിരുന്ന പ്രതിക് ഇവരെ കാറിൽ പിന്തുടർന്നു. തുടർന്ന് ബൈക്കിലേക്കു കാർ ഇടിച്ചു കയറ്റുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സഞ്ജയ്യിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ചേതൻ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
