ന്യൂഡല്‍ഹി: പാക് ഭീകരാക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനു തുടര്‍ച്ചയായി ഭീകരവിരുദ്ധ സന്ദേശം ലോകത്തിനു മുന്നിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഏഴംഗ എം.പി സംഘത്തെ കോണ്‍ഗ്രസ് എംപി ശശിതരൂര്‍ നയിക്കും.
ആഗോള ഭീകര വിരുദ്ധ സന്ദേശ പ്രചരണ സംഘത്തിലേക്കു കോണ്‍ഗ്രസ് പ്രതിനിധികളുടെ പേര് കോണ്‍ഗ്രസ് നേതൃത്വത്തോട് കേന്ദ്രമന്ത്രി കിരണ്‍ റിജിജ്ജു ആവശ്യപ്പെട്ടിരുന്നു. ഇതിനു കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പേരുകളില്‍ ശശി തരൂരിനെ ഒഴിവാക്കുകയായിരുന്നു. പകരം മുന്‍ കോണ്‍ഗ്രസ് കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ, ലോക്‌സഭയിലെ പാര്‍ട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയ്, രാജ്യസഭാംഗം ഡോ. സയ്യിദ് നസീര്‍ ഹുസൈന്‍, ലോക്‌സഭാ എം.പി രാജാബ്രാര്‍ എന്നിവരുടെ പേര് രാഹുല്‍ഗാന്ധി നിര്‍ദ്ദേശിച്ചു. ഈ പേരുകള്‍ ഒഴിവാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ശശി തരൂരിനെ ഭീകരവിരുദ്ധ ഇന്ത്യന്‍ പാര്‍ലമെന്ററി സംഘം നേതാവായി നിയോഗിച്ചത്.
ഭീകരതക്കെതിരെ ഇന്ത്യന്‍ സര്‍വ്വകക്ഷി സംഘത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടതില്‍ കോണ്‍.എം.പി ശശി തരൂര്‍ അഭിമാനം പ്രകടിപ്പിച്ചു. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ഏഴംഗ എംപിമാരുടെ സംഘം പ്രമുഖ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും സന്ദര്‍ശിച്ചു ഇന്ത്യയുടെ ഭീകര വിരുദ്ധ സന്ദേശം ലോക വ്യാപകമായി കൈമാറും. ദേശീയ താല്‍പര്യമുള്ള കാര്യങ്ങളില്‍ തന്റെ മാതൃ രാജ്യമായ ഭാരതത്തെ സേവിക്കാന്‍ താനെപ്പോഴും തയ്യാറാണെന്ന് തരൂര്‍ പറഞ്ഞു. സംഘത്തില്‍ ബിജെപിയില്‍ നിന്നു രവിശങ്കര്‍ പ്രസാദ്, വൈജയന്ത് പാണ്ഡെ, ജെഡിയു വില്‍ നിന്ന് സഞ്ജയ്കുമാര്‍ ഝ, ശിവസേനയില്‍ നിന്ന് സഞ്ജയ്കുമാര്‍ ഷിന്‍ഡേ, ഡി.എം.കെയില്‍ നിന്നു കനിമൊഴി, എന്‍.സി.പിയില്‍ നിന്നു സുപ്രിയ സുലെ എന്നിവരുള്‍പ്പെടുന്നു.
