ചണ്ഡീഗഡ്: മുടി വളരാനുള്ള എണ്ണ തേച്ച് 70 പേർ ആശുപത്രിയിലായ സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കു ഹരിയാന-പഞ്ചാബ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഹെയർ സ്റ്റൈലനിസ്റ്റ് അമൻദീപ് സിങ്ങിനെതിരെയാണ് നടപടി. യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത അവകാശവാദത്തിലൂടെ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ചതിനാൽ ജാമ്യം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സമൂഹമാധ്യമത്തിൽ 86,000 ഫോളോവേഴ്സുള്ള ഇയാൾ സംഗ്രൂരിവെ ക്ഷേത്രത്തിൽവച്ച് നടത്തിയ ക്യാമ്പിലാണ് സംഭവം. താൻ വീട്ടിൽ തയാറാക്കിയ എണ്ണ ഉപയോഗിച്ചാൽ കഷണ്ടി മാറുമെന്ന് ഇയാൾ അവകാശപ്പെട്ടു. ഇതു വിശ്വസിച്ച് ക്യാമ്പിൽ പങ്കെടുത്തവർ എണ്ണ തലയിൽ പുരട്ടി. മണിക്കൂറുകൾക്കകം കണ്ണ് എരിയാനും മുഖത്തു വീക്കവും ഉൾപ്പെടെ അനുഭവപ്പെട്ടു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ ചികിത്സ തേടിയതിനാലാണ് ഇവർ രക്ഷപ്പെട്ടതെന്നും അല്ലാത്ത പക്ഷം കാഴ്ച നഷ്ടപ്പെടാൻ ഉൾപ്പെടെ ഇതു കാരണമായേനെയെന്നും ഡോക്ടർമാർ വ്യക്തമാക്കി. പിന്നാലെ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
