കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് കഴുത്തിൽ കയർ കുടുങ്ങി ഭർത്താവ് മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സ്റ്റൂളിൽ കയറിനിന്ന് കഴുത്തിൽ കയർ കുരുക്കി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പെട്ടെന്ന് സിയാദ് കാൽ തെന്നിവീണപ്പോൾ കയർ കഴുത്തിൽ കുരുങ്ങി.
ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാമിന്റെയും സീനത്തിന്റെയും മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ നടന്നു.
