ഭുവനേശ്വര്‍: മൂന്നു ദിവസം പ്രായമുള്ളപ്പോള്‍ ഒഡീഷയിലെ ഭുവനേശ്വറിന്റെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി 13 വയസായപ്പോള്‍ ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്ന് വളര്‍ത്തമ്മയെ കൊലപ്പെടുത്തി. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് ദാരുണമായ സംഭവം. ഭുവനേശ്വര്‍ സ്വദേശിയും ഗജപതി പരലാഖേമുണ്ഡിയില്‍ താമസക്കാരിയുമായ രാജലക്ഷ്മി കര്‍(54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജലക്ഷ്മിയുടെ വളര്‍ത്തുമകള്‍, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുക്കളായ ക്ഷേത്ര പൂജാരി ഗണേഷ് റാഥ്(21) ദിനേഷ് സാഹു(20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗജപതി പരാലഖേമുന്‍ഡി നഗരത്തിലെ വാടക വീട്ടിലാണ് രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്. ഉറക്കഗുളിക കൊടുത്തു മയക്കിക്കിടത്തിയശേഷം തലയിണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചാണ് കൊലപാതകം. ഏപ്രില്‍ 29-ന് നടന്ന കൊലപാതകം കഴിഞ്ഞദിവസമാണ് പുറംലോകമറിഞ്ഞത്. രണ്ടു പുരുഷന്‍മാരുമായുള്ള മകളുടെ ബന്ധത്തെ രാജലക്ഷ്മി എതിര്‍ത്തിരുന്നു. ഇതും സ്വത്തുക്കള്‍ കയ്യടക്കാനുമുള്ള ആഗ്രഹവുമാണ് പോറ്റമ്മയെ കൊലപ്പെടുത്താന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന രാജേശ്വരിയുടെ മരണം ഹൃദയാഘാതം കാരണമെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. ഇതിനാല്‍ തന്നെ ഏപ്രില്‍ 29-ന് മരിച്ച രാജലക്ഷ്മിയുടെ മൃതദേഹം പിറ്റേദിവസം ഭുവനേശ്വറില്‍ സംസ്‌കരിക്കുകയും ചെയ്തു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആര്‍ക്കും സംശയവും തോന്നിയിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഭുവനേശ്വറില്‍ വച്ച് മറന്നുപോയിരുന്നു. മെയ് 14-ാം തീയതി രാജലക്ഷ്മിയുടെ സഹോദരന്‍ ശിബപ്രസാദ് മിശ്ര 13-കാരിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് രാജലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ചാറ്റ് പരിശോധിച്ചപ്പോള്‍ ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതിന്റെയും ആഭരണങ്ങളും പണവും സ്വന്തമാക്കുന്നത് സംബന്ധിച്ചുള്ള സംഭാഷണങ്ങളും കണ്ടെത്തി. ഇതോടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പെണ്‍കുട്ടിയെയും ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് റാത് (21), സുഹൃത്ത് ദിനേഷ് സാഹു (20) എന്നിവരെ പിടികൂടുകയായിരുന്നു. അതിനിടെ, അറസ്റ്റിലായ 13-കാരി നേരത്തേ പലതവണകളായി രാജലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങള്‍ ആണ്‍സുഹൃത്തിന് കൈമാറിയിരുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ ഇത് പണയംവെച്ച് രണ്ടരലക്ഷത്തോളം രൂപ കൈക്കലാക്കുകയുംചെയ്തു. പ്രതികളില്‍നിന്ന് 30 ഗ്രാം സ്വര്‍ണവും മൂന്ന് മൊബൈല്‍ ഫോണുകളും കൊലപാതകത്തിന് ഉപയോഗിച്ച തലയണയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്
