ഭുവനേശ്വര്‍: ഒഡീഷയില്‍ ഇടിമിന്നലേറ്റ് 10 പേര്‍ മരിച്ചു. ആറ് സ്ത്രീകളും 3 കുട്ടികളുമടക്കമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ഉണ്ടായ ശക്തമായ മഴയോടൊപ്പമാണ് ഈ ദുരന്തം സംഭവിച്ചത്. നിരവധി പേര്‍ക്ക് മിന്നലേറ്റ് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുര്‍ദ, നയാഗഞ്ച്, ജജ്പൂര്‍, ബാലസോര്‍, ഗഞ്ചം തുടങ്ങിയ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കോരാപുട്ട് ജില്ലയില്‍ മൂന്ന് പേരും ജാജ്പൂര്‍, ഗഞ്ചം ജില്ലകളില്‍ രണ്ട് പേര്‍ വീതവും ധെങ്കനാല്‍, ഗജപതി ജില്ലകളില്‍ ഒരാള്‍ വീതവും മരിച്ചതായി അധികൃതര്‍ പറഞ്ഞു. കോരാപുടില്‍ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ വയലില്‍ ജോലി ചെയ്യുമ്പോള്‍ മിന്നലേറ്റ് മരിച്ചു. ശക്തമായ മഴയില്‍ നിന്ന് രക്ഷ നേടാന്‍ ഇവര്‍ അടുത്തുള്ള താല്‍ക്കാലിക ഷെഡില്‍ അഭയം തേടിയതായിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന 65 വയസുകാരന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയുമാണ്. കുംഭര്‍ഗുഡ ഗ്രാമത്തിലെ ബ്രൂധി മന്‍ഡിംഗ (60), ചെറുമകള്‍ കാസ മന്‍ഡിംഗ (18), അംബിക കാശി (35) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ബ്രൂധിയും കാസ മന്‍ഡിംഗയും പരിദിഗുഡയില്‍ താമസിക്കുന്നവരാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ധരംശാലയ്ക്ക് സമീപത്തെ ഭുരുസാഹി ഗ്രാമത്തില്‍, വീടിന്റെ വരാന്തയില്‍ നിന്നപ്പോഴാണ് രണ്ട് കുട്ടികള്‍ക്ക് മിന്നലേറ്റത്. ജെനാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബുരുസാഹി ഗ്രാമത്തില്‍ നിന്നുള്ള താരെ ഹെംബ്രം (15), തുകുലു ചട്ടാര്‍ (12) എന്നിവരാണ് മരണപ്പെട്ടത്.ഒഡിയപെന്റ പഞ്ചായത്തിലെ പോര്‍ഡിഗുഡ ഗ്രാമത്തില്‍ നിന്നുള്ള ഒരു വയോധികനും പേരക്കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
മിന്നലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
