ന്യൂഡൽഹി: എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങവേ അപകടത്തിൽപ്പെട്ട് ഇന്ത്യക്കാരനായ പർവ്വതാരോഹകന് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ സ്വദേശിയായ സുബ്രത ഘോഷ് (45) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 8,849 മീറ്റർ (29,032 അടി) കൊടുമുടിയിലെത്തിയത്. ശേഷം മടങ്ങുന്നതിനിടെയാണ് സുബ്രത ഘോഷിനു അപകടം സംഭവിക്കുന്നത്. ഹിലാരി സ്റ്റെപ്പിന് സമീപത്ത് നിന്നും താഴെ ഇറങ്ങുന്നതിനിടെയാണ് അപകടമെന്നാണ് വിവരം.ഹിലാരി സ്റ്റെപ്പ് എന്ന പ്രദേശം ‘മരണ മേഖല’യെന്നാണ് അറിയപ്പെടുന്നത്. പ്രകൃതിദത്ത ഓക്സിജന്റെ അളവ് ഇവിടെ വളരെ കുറവാണ്. കൊടുമുടി കീഴടക്കിയ ആവേശത്തിലും സന്തോഷത്തിലുമായിരുന്ന ഘോഷ് സഹയാത്രികർ ഇറങ്ങിയിട്ടും കൂടെ ഇറങ്ങിയില്ല. ബുധനാഴ്ച ഫിലിപ്പീൻസിൽ നിന്നുള്ള ഫിലിപ്പ് സാന്റിയാഗോ എന്ന 45 കാരനും സൗത്ത് കോളിൽ പർവ്വത ഭാഗത്തേക്ക് പോകുന്നതിനിടെ മരിച്ചിരുന്നു. ഇതിനകം 100 ഓളം പർവതാരോഹകരും അവരുടെ ഗൈഡുകളും കൊടുമുടിയിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. കൊടുമുടി കയറ്റത്തിൽ എവറസ്റ്റിൽ കുറഞ്ഞത് 345 പേർ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.
