ലക്നൗ: സ്ത്രീധനം നൽകാത്തതിന്റെ വൈരാഗ്യത്തിൽ യുവാവ് ഭാര്യയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വിവിധ ഇടങ്ങളിൽ വലിച്ചെറിഞ്ഞു. ഉത്തർപ്രദേശിലെ ശരവസ്തി ജില്ലയിലാണ് സംഭവം. സെയ്ഫുദ്ദീനാണ്(31) ഭാര്യ സാബിനയെ(25) കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ സാബിനയെ ഫോണിൽ വിളിച്ചിട്ട് കിട്ടാഞ്ഞതോടെ സാബിനയുടെ സഹോദരൻ സലാഹുദ്ദീൻ ഇവരുടെ വീട്ടിലെത്തി. വീടു പൂട്ടി കിടക്കുകയായിരുന്നു. ദമ്പതികൾ ലക്നൗവിലേക്കു പോയെന്ന് അയൽക്കാർ പറഞ്ഞു. എന്നാൽ മണിക്കൂറുകൾക്കു ശേഷം സെയ്ഫുദ്ദീൻ വീടിനു സമീപം കറങ്ങി നടക്കുന്നത് സലാഹുദ്ദീന്റെ ശ്രദ്ധയിൽപെട്ടു. സാബിന ഒപ്പമുണ്ടായിരുന്നില്ല. ഇതോടെ സംശയം തോന്നിയ സലാഹുദ്ദീൻ സഹോദരിയെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി. ഇതോടെ സെയ്ഫുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2 ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി. കൈ കത്തിച്ച് പൂന്തോട്ടത്തിൽ ഒളിപ്പിച്ചു. ശേഷിക്കുന്ന ഭാഗങ്ങൾ കഷണങ്ങളാക്കി ജില്ലയിലെ 10 ‘ ചുറ്റളവിൽ വലിച്ചെറിയുകയായിരുന്നു. സെയ്ഫുദ്ദീനും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി സാബിനയുടെ കുടുംബം ആരോപിച്ചു.
