ബെംഗളൂരു: വധുവിന്റെ കഴുത്തിൽ താലി കെട്ടിയതിനു പിന്നാലെ വരൻ കുഴഞ്ഞു വീണു മരിച്ചു. കർണാടക ബാഗൽക്കോട്ടിലെ ജാംഖണ്ഡിയിലാണ് അതിദാരുണമായ സംഭവം. പ്രവീണാണ് (25) മരിച്ചത്. പ്രവീണും പൂജയും തമ്മിലുള്ള വിവാഹം ശനിയാഴ്ച വൈകുന്നേരമാണ് നടന്നത്. താലികെട്ടൽ ചടങ്ങിനു പിന്നാലെ പ്രവീണിനു നെഞ്ചുവേദന അനുഭവപ്പെട്ടു. പിന്നാലെ കുഴഞ്ഞു വീണു. കുടുംബാംഗങ്ങൾ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. പ്രദേശത്തെ സൈക്ലിസ്റ്റുകളുടെ കൂട്ടായ്മയുടെ സെക്രട്ടറിയാണ് പ്രവീൺ.
