ന്യൂഡൽഹി: ദുരൂഹ സാഹചര്യത്തിൽ കാണാതായ ഐടി ജീവനക്കാരനെ ഒരാഴ്ചയ്ക്കു ശേഷം ജീവനോടെ കണ്ടെത്തി. ഗുഡ്ഗാവിലെ മൾട്ടി നാഷനൽ കമ്പനിയിലെ മാനേജരായ 42 കാരനെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇയാളുടെ കാർ കനാലിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിൽ ഇയാളുടെ മൊബൈലും മറ്റു വസ്തുക്കളും ഉണ്ടായിരുന്നു. ഇതോടെ യുവാവ് കനാലിൽ ചാടി ജീവനൊടുക്കിയതായി പൊലീസ് സംശയിച്ചു. തുടർന്ന് ഫയർഫോഴ്സും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
തുടർന്നു യുവാവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് നിർണായക സൂചന ലഭിച്ചത്. കാണാതാകുന്നതിന്റെ തലേദിവസം ഫോൺ ഫോർമാറ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഇതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുപിയിലെ അയോധ്യയിൽ നിന്നു യുവാവിനെ കണ്ടെത്തുകയായിരുന്നു. താൻ മരിച്ചെന്നു വരുത്തി തീർത്ത ശേഷം നാട് വിടാൻ ശ്രമിച്ചതായി ഇയാൾ പൊലീസിനു മൊഴി നൽകി. വലിയ കടക്കെണിയിൽ അകപ്പെട്ടതായും രക്ഷപ്പെടാനാണ് ലക്ഷ്യമിട്ടതെന്നും യുവാവ് പറഞ്ഞു. എന്നാൽ പൊലീസ് ഇതു പൂർണമായും വിശ്വസിച്ചിട്ടില്ല. വിശദ അന്വേഷണം തുടരുകയാണ്.
