കാസർകോട്: അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ എണ്ണപ്പാറ, മൊയോലം കോളനിയിലെരാമൻ – കല്യാണി ദമ്പതികളുടെ മകൾ രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. പാണത്തൂർ, ബാപ്പുങ്കയം സ്വദേശിയും നിർമ്മാണ മേഖലയിലെ കരാറുകാരനുമായ ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് ഐ.ജി. പി പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശനിയാഴ്ച്ച കാസർകോട്ടെത്തുന്ന ഐ. ജി വിശദീകരിക്കുമെന്നാണ് സൂചന. 2011 ജനുവരിയിലാണ് രേഷ്മയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. സംഭവത്തിൽ പിതാവിന്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തു അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഏറ്റവും ഒടുവിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടത്. ബിജു പൗലോസിനെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. അജാനൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ട രേഷ്മയെ പാണത്തൂർ, പവിത്രം കയ പുഴയിൽ തള്ളിയെന്നാണ് ബിജു അന്വേഷണ സംഘത്തിനു മൊഴി നൽകിയത്. എന്നാൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രേഷ്മയെ കാണാതായ സമയത്ത് പുഴയിലൂടെ ഒരു യുവതിയുടെ മൃതദേഹം ഒഴുകിയെത്തിയിരുന്നു. അജ്ഞാത മൃതദേഹമെന്ന നിലയിൽ സംസ്കരിക്കുകയും ചെയ്തിരുന്നു. പ്രസ്തുത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത ക്രൈം ബ്രാഞ്ച് സംഘം നടത്തിയ ഡി.എൻ.എ പരിശോധനയാണ് പ്രതിയുടെ അറസ്റ്റിലേയ്ക്ക് നയിച്ചത്. വർക്ക്സൈറ്റിൽ നിന്നാണ് ബിജു പൗലോസിനെ വെള്ളിയാഴ്ച്ച രാത്രി അറസ്റ്റു ചെയ്തത്. അന്വേഷണ സംഘത്തിൽ ക്രൈം ബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിൽ, ഡിവൈ.എസ്.പി.പി മധുസൂദനൻ നായർ, എസ് ഐ . രഘു, എ.എസ്.ഐ രതി, പൊലീസുകാരായ സുമേഷ്, മഹേഷ്, പ്രഭേഷ്, ലതീഷ്, ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.
