റോഡില്‍ 500 ന്റെ നോട്ടുകള്‍ പാറിപ്പറക്കുന്നു. അതുകണ്ട് ഓടി പെറുക്കിയെടുക്കുന്ന ആളുകള്‍. ചീറിപ്പായുന്ന വാഹനങ്ങളെ വകവക്കാതെയാണ് ജനങ്ങള്‍ പണം കൈക്കലാക്കിയത്. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ കൗശാമ്പി ജില്ലയില്‍ തിരക്കേറിയ ഒരു ഹൈവേയിലാണ് അവിശ്വസനീയമായ കാഴ്ച നടന്നത്.
അഞ്ഞൂറ് രൂപയുടെ നൂറുകണക്കിന് നോട്ടുകളാണ് ഹൈവേയില്‍ വീണത്. ദൃക്സാക്ഷികള്‍ ആ നിമിഷത്തെ ‘പണത്തിന്റെ മഴ’ എന്ന് വിശേഷിപ്പിച്ചു. കാഴ്ചക്കാരും യാത്രക്കാരും വീണുകിടക്കുന്ന പണം ശേഖരിക്കാന്‍ നെട്ടോട്ടമോടുകയായിരുന്നു. ഓടുന്ന വാഹനങ്ങള്‍ക്കിടയില്‍ നിന്ന് സ്വയം അപകടത്തില്‍പ്പെടുക പോലും ചെയ്തു. ഡസന്‍ കണക്കിന് ആളുകള്‍ ഓടിനടന്ന് കറന്‍സി നോട്ടുകള്‍ പെറുക്കി എടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ സംഭവം അധികൃതരുടെ ശ്രദ്ധയിലും പെട്ടു. പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ വാരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഒരു ആഡംബര ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഭാവേഷ് എന്ന ബിസിനസുകാരനുമായി ബന്ധമുള്ള പണമാണ് റോഡില്‍ വീണതെന്ന് കണ്ടെത്തി. ഭാവേഷ് ഒരു വഴിയരികിലെ ധാബയില്‍ ഭക്ഷണത്തിനായി വണ്ടി നിര്‍ത്തിയപ്പോള്‍ കള്ളന്മാര്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഒരു ബാഗുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ബാഗില്‍ 8 മുതല്‍ 10 ലക്ഷം രൂപ വരെ പണമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. വാഹനത്തില്‍ പോകവേ കള്ളന്‍ തട്ടിയെടുത്ത ബാഗില്‍ നിന്ന് വീണതാണ് നോട്ടുകളെന്നാണ് പൊലീസ് പറയുന്നത്. അതേസമയം പണം നഷ്ടപ്പെട്ട ആള്‍ എവിടെയും പരാതിയുമായി എത്തിയിട്ടില്ലെന്ന് കോഖ്രാജ് പൊലീസ് പറഞ്ഞു.
