ലക്നൗ: ഉത്തർപ്രദേശിലെ സ്കൂളിൽ 4 വയസ്സുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച യമുനനഗറിലെ സ്കൂളിലാണ് സംഭവം. കുട്ടി ബോധരഹിതനായി വീണുവെന്ന് സ്കൂൾ അധികൃതർ കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളും സ്കൂൾ ജീവനക്കാരെ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരാവസ്ഥയിലായതിനാൽ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടു പോകാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു. ഇവിടെ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. എന്നാൽ പോസ്റ്റ്മാർട്ടത്തിൽ കുട്ടിയുടെ കണ്ണിനടുത്തും നാവിലും സ്വകാര്യ ഭാഗത്തും മുറിവുകൾ കണ്ടെത്തി. 2 അധ്യാപികമാർ കുട്ടിയെ മർദിച്ചതായി പൊലീസ് സംശയിക്കുന്നു. ഒപ്പം കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഡപ്യൂട്ടി പൊലീസ് കമ്മിഷണർ വിവേക് ചന്ദ്ര യാദവ് പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
