ഭോപ്പാൽ: 21 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം ചെയ്ത ശേഷം 3 അംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കടയിൽ പോയ ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ അനിലെന്നയാളുടെ നേതൃത്വത്തിൽ പ്രതികൾ തടഞ്ഞുനിർത്തി. നേരത്തേ അനിലിനെതിരെ യുവതി ലൈംഗികാതിക്രമത്തിനു പരാതി നൽകിയിരുന്നു. ഇതു പിൻവലിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ യുവതി ഇതിനു തയാറായില്ല. ഇതോടെ അനിലും കൂട്ടാളികളായ മുഖീം ഖാൻ, ആമിർ ഖാൻ എന്നിവർ ചേർന്ന് യുവതിയെ ബലമായി ഒരു ആംബുലൻസിലേക്ക് കയറ്റി. മയക്കുമരുന്ന് നൽകി മയക്കി.ബോധം തെളിയുമ്പോൾ വിവാഹ വേഷത്തിൽ ഒരു ക്ഷേത്രത്തിലായിരുന്നു യുവതി. താനുമായുള്ള വിവാഹത്തിനു തയാറാകണമെന്നും അല്ലാത്തപക്ഷം അച്ഛനെയും സഹോദരനെയും കൊല്ലുമെന്നും അനിൽ ഭീഷണിപ്പെടുത്തി. ഇതോടെ യുവതിക്കു വിവാഹത്തിനു വഴങ്ങേണ്ടി വന്നു. പിന്നാലെ യുവതിയുമായി സംഘം ഗ്വാളിയാറിലെ ഉപേക്ഷിക്കപ്പെട്ട വീട്ടിലെത്തി. മൂന്നുപേരും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.വീട്ടിൽ തിരിച്ചെത്തിയ യുവതി ഭയം കാരണം ഒന്നും പുറത്തു പറഞ്ഞില്ല. എന്നാൽ ദിവസങ്ങൾക്കു ശേഷം തനിക്കുണ്ടായ ദുരനുഭവം യുവതി മാതാപിതാക്കളോടു പറഞ്ഞു. ഇതോടെ പൊലീസിൽ പരാതി നൽകാൻ ഇവർ നിർദേശിക്കുകയായിരുന്നു. ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത വിവാഹം എന്നീ കുറ്റങ്ങളിൽ കേസെടുത്ത പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.
